തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ അജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയുമാണ്. ആനായിക്കോണത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ടയും നാല്പതോളം ക്രിമിനൽ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് ശ്രദ്ധാകേന്ദ്രമായത്. വാക്കുതർക്കത്തിനിടെ ബൈക്കിന്റെ സൈലൻസർ ഊരി ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാജി രക്ഷപ്പെട്ടെങ്കിലും 2019 സെപ്തംബറിൽ ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു. ഗുണ്ടാപ്പണം വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലെത്തിയത്. ഷാജിയുടെ മരണത്തോടെ കൂടുതൽ കരുത്തനായ അജീഷ് പിന്നീട് ചന്ദനക്കള്ളക്കടത്ത്, മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല് എന്നിവയിൽ സജീവമായി. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിലവിൽ പത്തോളം കേസുകളുണ്ട്. ഭാര്യയായ ലക്ഷ്മിയെ വിവാഹത്തിന് മുമ്പ് പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. പിന്നീട് ലക്ഷ്മിയെ വിവാഹം ചെയ്താണ് ശിക്ഷയിൽ നിന്ന് അജീഷ് രക്ഷപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2019ൽ ലക്ഷ്മിയെ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് മംഗലപുരം സ്വദേശി നിതീഷിനെ കോരാണി ഷേക് പാലസിന് സമീപത്തു വിളിച്ചുവരുത്തി ലക്ഷ്മിയും അജീഷും കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിതീഷിനെ വിളിച്ചുവരുത്തിയ ലക്ഷ്മിയെ അപ്പോൾത്തന്നെ നാട്ടുകാർ പിടികൂടിയെങ്കിലും സംഭവത്തിനുശേഷം ഒളിവിൽപ്പോയ അജീഷിനെ തൊട്ടടുത്ത ദിവസമാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.