വൈക്കം:സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ജിഷാനിവാസിൽ സുകന്യ(34)യെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി മടിയത്തറ ഭാഗത്തുള്ള വീട്ടമ്മ നടത്തുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2023 നവംബർ മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ എട്ട് തവണകളിലായി മാല, ജിമിക്കി, കമ്മൽ തുടങ്ങി 70 ഗ്രാം മുക്കുപണ്ടം പണയംവച്ച് രണ്ടു ലക്ഷത്തിഎഴുപത്തി ഏഴായിരത്തോളം (2,77,000)രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.പണയപ്പെടുത്തിയ ഉരുപ്പടികളുടെ പലിശ അടയ്ക്കാതെ വന്നതോടെ സംശയം തോന്നിയതിനെ തുടർന്ന് പണയ ഉരുപ്പടി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസെടുത്ത് അന്വേഷണംനടത്തിയതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.