ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തി കടക്കാനാവാതെ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അഞ്ഞൂറിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. ഇതില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉണ്ടെന്നാണ് വിവരം. കൊടും തണുപ്പില്‍ കിലോമീറ്റാറുകളോളം നടന്നെത്തിയ വിദ്യാര്‍ത്ഥികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.
25 ഓളം വിദ്യാര്‍ത്ഥികള്‍ അതിര്‍ത്തിക്ക് രണ്ടര കിലോമീറ്റര്‍ അടുത്തായി കുടുങ്ങി കിടക്കുകയാണെന്ന് കളമശ്ശേരി സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് ജിയാന്‍ പറഞ്ഞു. മൈനസ് നാല് ഡിഗ്രിയാണ് തണുപ്പ്. അതിര്‍ത്തിയില്‍ 25 സുഹൃത്തുക്കള്‍ കുടുങ്ങി കിടക്കുകയാണ്. 30 ഓളം കിലോമീറ്റര്‍ നടന്നാണ് ഇവിടെ എത്തിയത്. അതിര്‍ത്തിയിലേക്ക് പോകാന്‍ കഴിയില്ല. ബങ്കറില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം- ജിയാന്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടിവെള്ളവും വാഹനങ്ങളും ലഭ്യമായില്ലെന്നും അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കടക്കാന്‍ അനുവദിച്ചില്ലെന്നും എംബസി അധികൃതരെ വിളിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് അറിയിച്ചതെന്നും മലയാളി വിദ്യാര്‍ത്ഥി അല്‍ഫോണ്‍സ് തോമസ് പറഞ്ഞു. 80 കിലോമീറ്റര്‍ ടാക്‌സിയിലും 35 കിലോമീറ്റര്‍ നടന്നുമാണ് അതിര്‍ത്തിയിലെത്തിയതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാതെ അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് പോകരുതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി ഇന്ന് രാവിലെ പൗരന്മര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ അതിര്‍ത്തി പോസ്റ്റുകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ എംബസി പറഞ്ഞു.
നിലവില്‍ കഴിയുന്ന സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം. എംബസിയുടെ നിര്‍ദേശമില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്നും നിലവില്‍ സുരക്ഷിതമായ സ്ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.