പത്തനംതിട്ട ജില്ലയിൽ 16 ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കണം : ആന്റോ ആന്റണി എം പി

പത്തനംതിട്ട : ജില്ലയിൽ 16 ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എം പി ആവശ്യപ്പെട്ടു. കേന്ദ്ര കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തിലാണ് പുതിയ ടവറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പെരുനാട് ഗ്രാമപഞ്ചായത്തിലെ ഇലവുകൽ, അട്ടത്തോട്, പ്ലാപ്പള്ളി, ളാഹ, ഇരുമ്പൻമൂഴി, സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചുപമ്പ, പഞ്ഞിപ്പാറ, സീതക്കുഴി, അരുവാപുലം ഗ്രാമപഞ്ചായത്തിലെ കാട്ടാത്തി, മുതുപേഴുങ്കൽ, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മേടപ്പാറ, പാറക്കുളം, തേക്കുതോട്, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കൂടൽ, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ പൊന്നമ്പി, ചിറ്റാർ ഗ്രാമപഞ്ചായത്തിലെ മണിയാർ എന്നിവിടങ്ങളിലാണ് ബിഎസ്എൻഎൽ ഫോർജി മൊബൈൽ കണക്ടിവിറ്റി ടവറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisements

25ന് എം പി യുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ചേർന്ന ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിലാണ് 16 സ്ഥലങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. ഗവി ഉൾപ്പെടെ മുമ്പ് അനുവദിച്ചിരുന്ന 9 ടവറുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. സീതത്തോട് ഗ്രാമപഞ്ചായത്തിലെ ഗവി, മൂഴിയാർ, കക്കി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ ഒരേക്കർ, കോട്ടാം പാറ, ആവണിപ്പാറ, ചിറ്റാർ ഗ്രാമപഞ്ചായത്തിലെ കുടപ്പന, പെരുനാട് ഗ്രാമപഞ്ചായത്തിലെ വേലം പ്ലാവ് എന്നിവിടങ്ങളിലെ ടവറുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ ഈ 9 പ്രദേശങ്ങളും ബിഎസ്എൻഎൽ 4ജി കണക്ടിവിറ്റിയിലേക്ക് മാറിയിരിക്കുകയാണ്. പുതിയ 16 ബിഎസ്എൻഎൽ മൊബൈൽ ടവർ കൂടി യാഥാർത്ഥ്യമാക്കി പത്തനംതിട്ട ജില്ലയെ സമ്പൂർണ്ണ ബിഎസ്എൻഎൽ 4ജി കവറേജിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ആൻ്റോ ആൻ്റണി എം പി പറഞ്ഞു.

Hot Topics

Related Articles