തിരുവനന്തപുരം : നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്റെ ചുരുളഴിക്കാൻ പൊലീസ്. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഉമ്മയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം.
കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്. ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിന്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാൻ നേരത്തെ നൽകിയ മൊഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മൊഴിക്കപ്പുറം രണ്ടാം ദിവസം അന്വേഷണം അഫാൻറെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ്. കോളേജ് പഠനം പൂർത്തിയാക്കാത്ത അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. നിത്യചെലവിന് പോലും മറ്റ് പലരെയും ആശ്രയിക്കുന്നു. ബന്ധുക്കളോടെല്ലാം ആവശ്യപ്പെട്ട പണം എന്തിന് വേണ്ടിയാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
അഫാൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസിൽ ഇനി നിർണ്ണായകം. അതിക്രൂരമായി ചുറ്റികയുമായി ഓടിനടന്ന് ഏറ്റവും പ്രിയപ്പെട്ടവരെ കൊല്ലുന്ന മാനസികനിലയിലേക്ക് എങ്ങനെ അഫാൻ എത്തിയെന്നാണ് അറിയേണ്ടത്. അഫാൻറ രക്തപരിശോധനാഫലമാണ് പ്രധാനം. കൊലപാതക പരമ്പര പൂർത്തിയാക്കിയ ശേഷം അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോയത് പരിചയമുള്ള ശ്രീജിത്തിൻറെ ഓട്ടോയിലാണ്.
അഫാന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്ന് ശ്രീജിത്ത് പറയുന്നു. കൊലപാതകത്തിന്റെ കാരണമടക്കം എല്ലാമറിയുന്നത് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ്മ മാത്രമാണ്. പക്ഷെ ചികിത്സയിലായതിനാൽ ഉമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. ഇനി കാര്യങ്ങൾ പറയേണ്ട ഏക വ്യക്തി അഫാനാണ്. ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് അഫാനെ ചോദ്യം ചെയ്താൽ മാത്രമാകും കേരളം നടുങ്ങിയ കൂട്ടക്കൊലയിലെ ചുരുളഴിയൂ.