ഖനനത്തിന് അനുമതി നല്‍കാനുള്ള നയം; മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താലിന് തുടക്കം

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള നയത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്‍റിങ് സെന്‍ററുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

Advertisements

ഹര്‍ത്താല്‍ ഇന്ന് അര്‍ധരാത്രിവരെ തുടരും. സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന കടല്‍ മണല്‍ ഖനനത്തിനെതിരെ തിരദേശ മേഖല കടുത്ത പ്രതിഷേധത്തിലാണ്. നിലനില്‍പ്പിനു വേണ്ടിയും അതിജീവനത്തിന് വേണ്ടിയുമുള്ള സമരത്തിലാണ് തങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. രാവിലെ 9 മണിക്ക് 13 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. കടല്‍ മണല്‍ ഖനനം ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും 15 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നുമുള്ളതാണ് പ്രധാന ആശങ്ക. സിഐടിയു, സിപിഐ, കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ സമരം വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles