കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂരും ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് അദ്ദേഹമാണ്. ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്ന് പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി.
‘അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല. കെപിസിസി മീറ്റിംഗുകൾക്ക് പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹം എവിടെ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോൾ പറയും തരൂരിനെ വിളിച്ചിട്ടില്ലെന്ന്. തരൂരിനെ അകറ്റിനിർത്തുന്ന രീതി ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തോട് അയിത്തമുളളത് പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നത്, അപമാനിക്കും അവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾ മോഹിച്ചിട്ടില്ല, മനസ്സമാധാനമായി ജീവിക്കാനാണ് ഞാൻ കോൺഗ്രസ് വിട്ടത്. പല ദിവസങ്ങളിലും ഞാൻ കരഞ്ഞിട്ടുണ്ട്, ആ രീതിയിൽ എന്നെ അപമാനിച്ചു. ശശി തരൂർ ഛർദ്ദിച്ചത് ഒന്നും തിരിച്ച് എടുക്കാൻ പറ്റില്ലല്ലൊ. തരൂർ നല്ലവണ്ണം പറഞ്ഞു അതിന് കോൺഗ്രസുകാർ മറുപടി പറഞ്ഞു, പിന്നീട് മുകളിൽ നിന്ന് കണ്ണുരുട്ടിയപ്പോൾ എല്ലാവരും വാലും ചുരുട്ടി പിന്നോട്ട് പോയി’, പത്മജ വേണുഗോപാൽ പറഞ്ഞു.
എന്നാൽ ബിജെപിയിലേക്ക് ഇല്ലെന്ന് ആണ് ശശി തരൂരിന്റെ നിലപാട്. ബിജെപി തന്റെ ‘ഓപ്ഷനല്ല’ എന്ന് പുറത്തുവന്ന ഇന്ത്യൻ എക്സ്പ്രസിന്റെ പോഡ്കാസ്റ്റിൽ ശശി തരൂർ വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേരുന്നത് മനസിലേയില്ലെന്ന് പറഞ്ഞ തരൂർ താൻ കോൺഗ്രസുകാരനാണെന്നും ഉറപ്പിക്കുന്നു. ഉള്ളിൽ ജനാധിപത്യമുണ്ടെന്ന് അറിയിക്കാനാണ് പാർട്ടിക്കുള്ളിൽ മത്സരിച്ചത്. ഇൻഡ്യ സഖ്യത്തിന്റെ വില ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഉണ്ടാവുക. അല്ലാത്ത ഘട്ടത്തിൽ വിലയില്ല. കാരണം എല്ലായിടത്തും ഇൻഡ്യ സഖ്യത്തിന്റെ എതിരാളി ബിജെപി അല്ലെന്നും ശശി തരൂർ പറഞ്ഞിരുന്നു.
ശശി തരൂരിന്റെ ഭാഗത്ത് നിന്ന് ഈ അടുത്തിടെ ഉണ്ടായിട്ടുളള പരാമർശങ്ങൾ കോൺഗ്രസിന് ക്ഷീണം നൽകിയിരുന്നു. ഇതിന് പിന്നാലെ തരൂർ പാർട്ടി വിടുമെന്നുളള അഭ്യൂഹങ്ങൾ ഉയർന്നു. കേരള സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എസ് സന്ദര്‍ശനത്തെ പ്രശംസിച്ചതും വിവാദമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിലെ ഭാഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഇതില്‍ തരൂരിനെതിരെ സംസ്ഥാന നേതൃത്വം ഒന്നാകെ നിലപാട് എടുത്തിരുന്നു.
കേരള വികസനത്തെ പ്രകീർത്തിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ തരൂരിനെ തണുപ്പിക്കാനായി ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നൽകാൻ നീക്കമുണ്ടെന്നാണ് സൂചന. ഇപ്പോഴത്തെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം. കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പിസിസി പുനഃസംഘടന നടക്കാനിരിക്കുകയാണ്.