ദില്ലി: സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന കേന്ദ്ര നികുതി വരുമാനത്തില്‍ നിന്ന് നല്കുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നില്‍ കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കും. 2026-27 സാമ്പത്തിക വർഷം മുതല്‍ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനല്‍ ഒക്ടോബർ 31-നകം ശുപാർശകള്‍ സമർപ്പിക്കും. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നികുതി വിഹിതം നിലവിലെ 41% ല്‍ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രാ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മാർച്ച് അവസാനത്തോടെ കേന്ദ്രമന്ത്രിസഭ നിർദ്ദേശത്തിന് അംഗീകാരം നല്‍കുകയും തുടർന്ന് ധനകാര്യ കമ്മീഷന് അയയ്ക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നികുതിവിഹിതത്തില്‍നിന്ന് ഒരു ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം രൂപ അധികമായി ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. അതേസമയം, നികുതി വിഹിതം കുറയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്തെത്തും. നിലവില്‍ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി ഘടനയില്‍ അതൃപ്തരാണ്. അതിനിടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ കുറവുണ്ടായാല്‍ വലിയ എതിർപ്പിന് കാരണമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന നികുതിവിഹിതം 20 ശതമാനമായിരുന്നത് 41 ശതമാനമായി 1980-ലാണ് വര്‍ധിപ്പിച്ചത്. നികുതി വരുമാനം പങ്കുവെക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കാക്കണമെന്ന് 16-ാം ധനകാര്യ കമ്മിഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.8 ശതമാനമാണ്. സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജിഡിപിയുടെ 3.2% ധനക്കമ്മിയുണ്ട്. സമ്പദ്വ്യവസ്ഥയിലെ മൊത്തം സർക്കാർ ചെലവിന്റെ 60% ത്തിലധികം പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.