കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ പറമ്പ് കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ അദ്വാനി എന്ന് വിളിക്കുന്ന സബീർ (38) എന്നയാളെയാണ് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ പിഴയും ശിക്ഷയും വിധിച്ചത് . 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. അറവുമാടുകൾക്ക് വെള്ളം കൊടുക്കാൻ പോയ യുവാവിനെ ഇയാൾ മുൻവിരോധം മൂലം പിന്നിലൂടെ ചെന്ന് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്നത്തെ എസ്.എച്ച്.ഓ ആയിരുന്ന സനൽകുമാർ സി.ജി അന്വേഷണം നടത്തി ഇയാൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:സിറിൾ തോമസ് പാറപ്പുറം, അഡ്വ:ധനുഷ് ബാബു കദളിക്കാട്ടിൽ, അഡ്വ: സിദ്ധാർത്ഥ്. എസ്.തറയിൽ എന്നിവർ ഹാജരായി.