വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ :
പുതുതായി നിർമ്മിച്ച വീയപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയാകും. പൊലീസ് സേനയുടെ നവീകരണത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ തനത് പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 2.49 കോടി രൂപ ചെലവഴിച്ചാണ് 5700 ചതുരശ്രയടി വിസ്തീർണ്ണമുള്ള ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണം. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, എംഎൽഎ മാരായ രമേശ് ചെന്നിത്തല, തോമസ് കെ തോമസ് എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രുഗ്മിണി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷീജ സുരേന്ദ്രൻ, ജോൺ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം എ ശോഭ, ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles