പത്തനംതിട്ട :
പോലിസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതി പരിഹാരസംവിധാനം പ്രവര്‍ത്തനമാരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാര്‍ തനത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.48 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പത്തനംതിട്ട വനിതാ പൊലീസ് സ്‌റ്റേഷന്‍, ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഓരോ പൊലീസ് സ്‌റ്റേഷനിലും ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഇത് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭിച്ച സേവനം തൃപ്തികരമാണോയെന്ന് രേഖപ്പെടുത്താന്‍ കഴിയും.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, കൈക്കൂലി തുടങ്ങി എല്ലാവിധ പരാതികളും ഇതിലൂടെ അറിയിക്കാന്‍ കഴിയും. തുണ വെബ്‌സൈറ്റിലും പോള്‍ ആപ്പിലും സൗകര്യം ലഭ്യമാണ്.
പൊലീസിന്റെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുക പ്രധാനമാണ്. വിവിധ ജില്ലകളിലായി മൂന്ന് വനിതാ സൈബര്‍ പൊലീസ് സ്‌റ്റേഷനുകള്‍, എട്ട് പൊലീസ് സ്‌റ്റേഷനുകള്‍, മൂന്ന് കാമ്പ് ഓഫീസുകള്‍, രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി 30 കെട്ടിടങ്ങളാണ് പൂര്‍ത്തിയായത്. ഇവയില്‍ എഐ എനേബിള്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് വകുപ്പിലെ കമ്പ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്ക് സൈബര്‍ സെക്യൂരിറ്റി കവചം ഒരുക്കയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ഏറ്റവും പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഏതു സമയത്തും പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസിനെ സമീപിക്കാന്‍ കഴിയണെമന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തി വരുന്നതെന്ന് ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷയായ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേസുകള്‍ തെളിയിക്കുന്നതിലുള്ള മികവില്‍ കേരളാ പൊലീസ് മുന്‍പന്തിയിലാണ്. ജില്ലയില്‍ വിവിധ ഇടങ്ങളിലായി നിരവധി പുതിയ പൊലീസ് സ്‌റ്റേഷനുകള്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മാണം നടന്നുവരികയാണ്. പൊലീസ് സേനയ്ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, നഗരസഭ കൗണ്‍സിലര്‍ റോസ്‌ലിന്‍ സന്തോഷ്, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പൊലീസ് മേധാവി വി. ജി. വിനോദ് കുമാര്‍, അഡീഷണല്‍ എസ്പി ആര്‍. ബിനു, ഡിവൈഎസ്പി എസ്. നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.