മുംബൈ: പ്രശസ്ത റാപ്പർ യോ യോ ഹണി സിംഗിന്‍റെ പുതിയ ഗാനമായ ‘മാനിയാക്’ എന്ന ഗാനത്തിൽ അശ്ലീലത ആരോപിച്ച് നടി നീതു ചന്ദ്ര പട്‌ന ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ചെയ്തു.
‘ഗരം മസാല’, ‘ട്രാഫിക്’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തയായ നീതു ചന്ദ്ര, ഗാനം “പ്രകടമായി പരസ്യമായി ലൈംഗികത ചിത്രീകരിക്കുന്നു” എന്നും “സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായി കാണിക്കുന്നു” എന്നും ആരോപിച്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാനം “ഭോജ്പുരി ഭാഷയിൽ അശ്ലീലത സാധാരണവൽക്കരിക്കാൻ” ഉപയോഗിക്കുന്നുവെന്നും “സ്ത്രീ ശാക്തീകരണത്തെ പിന്നോട്ട് അടിക്കുന്നു” താരം ആരോപിച്ചു. ഹണി സിംഗിനെതിരെയും ഗാനരചയിതാവ് ലിയോ ഗ്രെവാൾ, ഭോജ്പുരി ഗായികമാരായ രാഗിണി വിശ്വകർമ, അർജുൻ അജനാബി എന്നിവരും ഉൾപ്പെടെയുള്ള ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കക്ഷി ചേര്‍ത്താണ് നീതുവിന്‍റെ ഹർജി.
ഒരു കാലത്ത് ഹിന്ദിയിലും തെന്നിന്ത്യയിലും സജീവമായിരുന്ന നീതു ചന്ദ്ര ഇപ്പോള്‍ നിരൂപക പ്രശംസ നേടിയ രണ്ട് ഭോജ്പുരി, മൈഥിലി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. ഗാനത്തിന്‍റെ വരികൾ മാറ്റാന്‍ കേസിലെ കക്ഷികളോട് കോടതി നിർദ്ദേശിക്കണമെന്ന് നീതു ചന്ദ്ര ഹര്‍ജിയില്‍ പറയുന്നു.
പൊതുതാൽപ്പര്യ ഹർജി സമീപ ദിവസങ്ങളില്‍ പരിഗണിക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തന്റെ ഗാനങ്ങളിലെ വരികളുമായി ബന്ധപ്പെട്ട് ഹണി സിംഗ് നേരത്തെയും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
യോ യോ ഹണി സിംഗ് വലിയ തോതില്‍ ആരാധകരുള്ള ഹിന്ദി റാപ്പറാണ്. ആംഗ്രെജി ബീറ്റ്, ബ്രൗൺ രംഗ്, കലാസ്റ്റാർ തുടങ്ങി നിരവധി ഹിറ്റുകൾ റാപ്പർ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഗാനത്തിന്‍റെ വരികളുടെ പേരില്‍ വലിയ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് ഗായകന്‍.
പലപ്പോഴും ഇദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ സ്ത്രീവിരുദ്ധവും ആക്ഷേപകരവുമാണെന്ന് മുദ്രകുത്തപ്പെട്ടു. ഈ ആരോപണങ്ങൾക്കെതിരെ ഹണി സിംഗ് പ്രതികരിച്ചിട്ടുണ്ട്. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളും അവരെ ഒരു വസ്തുവായി കാണുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തില്‍ അടുത്തിടെ ഗായകന്‍ പറഞ്ഞിരുന്നു.