ഒട്ടാവ: മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി, ജസ്റ്റിന് ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.
പൊതു സമ്മിതിയില്‍ വന്‍ ഇടിവുണ്ടായതോടെ കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രിയായ ജസ്റ്റിന് ട്രൂഡോ രാജി പ്രഖ്യാപിച്ചത്. വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി. തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്ശകന് കൂടിയായ കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അമേരിക്കക്കെതിരെയുള്ള തീരുവ നടപടികൾ തുടരുമെന്ന് നിയുക്ത പ്രധാനമന്ത്രിയായ കാർണി പ്രതികരിച്ചു.