തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. കേന്ദ്ര സർക്കാരിന്‍റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചു പിടിക്കുന്നു. സമരത്തിന്‍റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തു വരുന്നുവെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ആശമാരുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങുന്നില്ല. ഇവരുടെ പ്രതിനിധികളെയാണ് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് ആനയിക്കുന്നത്. കേന്ദ്ര നയം തിരുത്താൻ യോജിച്ച സമരത്തിന് തയ്യാറാകണമെന്നും ദേശാഭിമാനി ആവശ്യപ്പെടുന്നു. സമര നേതൃത്വം കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തം മറച്ചു പിടിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ആശമാർ താഴേതട്ടിൽ നടത്തുന്നത് നിർണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നൽകിയത്. നിലവിൽ 5000 മുതൽ 9000 വരെയാണ് ആശ വർക്കർക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാർലമെൻ്റി കമ്മിറ്റി ചൂണ്ടിക്കാട്ടി.
ആശമാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കും ആരോഗ്യ പരിപാലനത്തിനും ധനസഹായം തികയുന്നില്ല. ആരോഗ്യ ഗവേഷണ രംഗത്തും ആശമാരെ പ്രയോജനപ്പെടുത്തണം. ഇതിന് അധിക ധനസഹായം ഗവേഷണ ഫണ്ടിൽ നിന്ന് നൽകണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു. രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റിയുടേതാണ് ശുപാർശ. കേരളത്തിന് എയിംസ് അനുവദിക്കണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.