കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തെ തള്ളി എസ്എഫ്ഐ സംസ്ഥാന നേതൃത്വം. എസ്എഫ്ഐ പ്രവര്‍ത്തകന് ജാഗ്രതക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് തയ്യാറെന്ന് എസ്എഫ്ഐ പ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകന്‍റെ ഭാഗം കൂടി കേട്ടശേഷം നടപടിയിലേക്ക് കടക്കും.
രണ്ട് കിലോ കഞ്ചാവ് പിടിച്ചത് കെഎസ്‌യു പ്രവർത്തകന്‍റെ മുറിയിൽ നിന്നുമാണെന്നും അത് എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും പിഎസ്‍ സഞ്ജീവ് ചോദിച്ചു. അതിനെക്കുറിച്ച് കെഎസ്‌യു നേതൃത്വം മറുപടി പറയണം. പ്രവർത്തകൻ പുറത്തിറങ്ങിയശേഷം പറഞ്ഞത് വൈരുദ്ധ്യം നിറഞ്ഞ കാര്യങ്ങളാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പിടിച്ചെടുത്ത ലഹരിയുടെ ഉറവിടം കണ്ടെത്തണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കേസിൽ അറസ്റ്റിലായ ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കളമശേരി പോളിടെക്നിക് കോളേജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്‍റെ മിന്നൽ പരിശോധനയിൽ രണ്ടു കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ രണ്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്‍റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ് (21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ നേതാവും യൂണിയന്‍ സെക്രട്ടറിയുമാണ് അഭിരാജ്. ചെറിയ അളവാണ് അഭിരാജുണ്ടായിരുന്ന മുറിയില്‍ നിന്ന് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.
എന്നാല്‍, എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പോളിടെക്നിക് കോളേജ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.