പോകാം രാജ്യാന്തര സിനിമാ മേളയ്‌ക്ക്‌”കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക്‌ വർണ്ണാഭമായ തുടക്കം

കോട്ടയം : അക്ഷരനഗരിയിലെ സിനിമാ മേളയ്‌ക്ക്‌ തിരിതെളിഞ്ഞു. 18 വരെ നീണ്ടു നിൽക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യ്ക്ക്‌ അനശ്വര തീയറ്ററിൽ തുടക്കമായി. പ്രദർശനത്തിന്റെ ആദ്യ ദിനം തന്നെ നല്ല തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ജില്ലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചിത്രങ്ങൾ കാണാൻ എത്തിയെന്നതും മേളയെ ശ്രദ്ദേയമാക്കി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ്‌ ചലചിത്രമേള നടക്കുന്നത്‌.
അഞ്ച്‌ ഓസ്‌കാർ അവാർഡുകളിൽ തിളങ്ങിയ നേടിയ “അനോറ’യായിരുന്നു ഉദ്‌ഘാടന ചിത്രം. വലിയ തിരക്കാണ്‌ അനോറ കാണാൻ തീയറ്ററിൽ എത്തിയത്‌.
ചലചിത്രമേള തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ അധ്യക്ഷയായി. ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ ലിജോ ജോസ് പെല്ലിശേരിക്ക്‌ നൽകി എംഎൽഎ പ്രകാശനം ചെയ്‌തു.
സിഗനേച്ചർ ഫിലിം സംവിധായകൻ ജോജോ തോമസിനെ ഛായാഗ്രഹകൻ മധു നീലകണ്ഠൻ ആദരിച്ചു.
ഉദ്‌ഘാടന ദിവസം മേളയിൽ പ്രദർശിച്ച “കിസ് വാഗൺ’ സിനിമയുടെ സംവിധായകൻ മിഥുൻ മുരളി, നടി മീനാക്ഷി, കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വിഷ്വൽ സയൻസ്‌ ആന്റ്‌ ആർട്‌സ്‌ ഡയറക്‌ടർ ജിജോയ്‌ രാജഗോപാൽ എന്നിവർ സംസാരിച്ചു. കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ ജയരാജ്‌ സ്വാഗതവും, ജനറൽ കൺവീനർ പ്രദീപ് നായർ നന്ദിയും പറഞ്ഞു.
ഐഎഫ്‌എഫ്‌കെ അടക്കം അഞ്ച്‌ അവാർഡുകൾ നേടിയ “ഫെമിനിച്ചി ഫാത്തിമ’ ആണ്‌ സമാപന ചിത്രം. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാളം എന്നീ ഭാഷകളിലുള്ള സിനിമകളാണ്‌ പ്രദർശിപ്പിക്കുന്നത്‌. കൂടാതെ കോളേജ് വിദ്യാർഥിയായ സിറിൽ എബ്രഹാം ഡെന്നിസ് സംവിധാനം ചെയ്ത വാട്ടു സി സോമ്പി, കൃഷാന്തിന്റെ സംഘർഷഘടന, മുഖകണ്ണാടി(സന്തോഷ്‌ ബാബു സേനൻ, സതീഷ് ബാബു സേനൻ ), റോട്ടർഡാം മേളയിൽ ശ്രദ്ധ നേടിയ കിസ് വാഗൻ(മിഥുൻ മുരളി), നാടക വിദ്യാർഥി ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

Advertisements

ഇന്നത്തെ സിനിമ :
രാവിലെ 9.30 –- യാഷ ആന്റ്‌ ലിയോണിഡ് ബ്രെഴനേവ്‌ (ലോക സിനിമ), 12.00 –- ഡസ്റ്റ്(സ്‌പാനിഷ്‌), 2.30 –- കാമദേവൻ നക്ഷത്രം കണ്ടു(മലയാളം), 6.00 –- വാസ്തുഹാര (ജി അരവിന്ദൻ സ്മൃ‌തി, മലയാളം ), 8.30 –- ബാഗ്‌ജൻ (അസമീസ് ).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അരവിന്ദൻ സ്‌മൃതി ഇന്ന്‌
കോട്ടയം
കോട്ടയത്തുകാരുടെ സ്വന്തം അരവിന്ദന്റെ ഓർമ്മ പുതുക്കി “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള’യിൽ അരവിന്ദൻ സ്‌മൃതി ശനിയാഴ്‌ച സംഘടിപ്പിക്കും. അദ്ദേഹത്തിനോടുള്ള ആദരവിന്റെ ഭാഗമായി അരവിന്ദൻ സംവിധാനം ചെയ്‌ത വാസ്‌തുഹാര സിനിമയും പ്രദർശിപ്പിക്കും. വൈകുന്നേരം 4.45ന്‌ നടക്കു ഓപ്പൺ ഫോറത്തിൽ ഡോ.സി എസ്‌ വെങ്കിടേശ്വരൻ അനുസ്‌മരിക്കും.

‘സിനിമയിൽ നിന്ന് എടുക്കേണ്ടതെന്തെന്നതും പ്രധാനം – :
ലിജോ ജോസ് പെല്ലിശ്ശേരി
കോട്ടയം
സിനിമ എന്താണ് തരുന്നതെന്ന് വിലയിരുത്തുന്നതിനൊപ്പം സിനിമയിൽ നിന്ന് നമ്മൾ എന്താണ് എടുക്കേണ്ടത് എന്ന ചിന്തയും പ്രധാനമാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചലച്ചിത്രമേളയിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ എന്ന കല ഏറെ വിമർശിക്കപ്പെടുന്ന സമയമാണിതെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. അക്രമവും രക്തച്ചൊരിച്ചിലും എന്നതിനൊക്കെയപ്പുറത്തേക്ക് ജഗതി, ഇന്നസെന്റ്‌, ബഹദൂർ ,അടൂർ ഭാസി തുടങ്ങിയവർ നമുക്ക് നൽകിയ നർമ്മമുഹൂർത്തങ്ങൾ ഓർക്കണം.
നർമ്മം, പ്രേമം, സ്നേഹം, ഇഷ്ടം തുടങ്ങിയ ഒരു പാട് കാര്യങ്ങളെ സിനിമ ഉണർത്തി. ” എനിക്ക് സിനിമ തന്നിട്ടുള്ളതിൽ ഏറ്റവും ചെറുതാണ് വയലൻസ്. ഏറ്റവും വലുത് ഇഷ്ടമാണ്. സിനിമയെ കൊല്ലാതിരിക്കുക, ആസ്വദിക്കുക അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles