കൊച്ചി: മഹാരാജാസ് കോളേജിലെ കെഎസ്‌യുവിൻ്റെ മുൻ യൂണിറ്റ് പ്രസിഡൻ്റും കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായി മുഹമ്മദ് നിയാസിനെ സംഘടനയുടെ എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് പരാതി. മഹാരാജാസ് കോളേജ് യൂണിറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ തർക്കത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് നിയാസ് പരാതിയിൽ ആരോപിക്കുന്നു.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് അയച്ച പരാതിയുടെ പകർപ്പ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും കെപിസിസി സംഘടനാ സെക്രട്ടറി എം ലിജുവിനും എൻഎസ്‌യു ദേശീയ അധ്യക്ഷനും എറണാകുളം ഡിസിസി പ്രസിഡൻ്റ് ഷിയാസിനും ജില്ലയിലെ കെഎസ്‌യുവിൻ്റെ ചുമതലയുള്ള നേതാവിനും കൈമാറിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്‌യു ജില്ലാ ഭാരവാഹികളായ കെ.എം. കൃഷ്ണലാൽ (ജില്ലാ പ്രസിഡന്റ്), അമർ മിഷൽ പളളച്ചി (ജില്ലാ വൈസ് പ്രസിഡന്റ്), കെവിൻ കെ. പോൾസ് (ഓർഗനൈസേഷൻ ഇൻചാർജ് ജില്ലാ ജനറൽ സെക്രട്ടറി), സഫ്വാൻ (ജില്ലാ ജനറൽ സെക്രട്ടറി), അമൽ തോമി (എറണാകുളം അസംബ്ലി കമ്മിറ്റി പ്രസിഡന്റ്) എന്നിവർക്കെതിരെയാണ് പരാതി.
ഇന്നലെ മഹാരാജാസ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മർദ്ദിച്ചുവെന്നാണ് ആരോപണം. പ്രതികൾ കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റായി ഫ്രറ്റേണിറ്റി പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നയാളെ നിയമിക്കാൻ ശ്രമിച്ചതിനെതിരെ, പ്രവർത്തകരുടെ കൂടെ പിന്തുണയോട് യൂണിറ്റിലെ സീനിയർ അംഗത്തെ പ്രസിഡൻ്റാക്കാൻ തീരുമാനിച്ചു. ഇതിനെ മുൻ യൂണിറ്റ് പ്രസിഡൻ്റായ നിയാസ് പിന്തുണച്ചുവെന്ന് ആരോപിച്ചാണ് മർദ്ദിച്ചത്.
‘കോൺഫറൻസ് കഴിഞ്ഞ് ഞാൻ കോളേജ് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ കെഎസ്‌യു പ്രവർത്തകർക്കൊപ്പം നിൽക്കെ പ്രതികളായവർ ഒരു കാറിൽ വന്ന് തന്നോട് കൂടെ കയറാനും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞു. കോളേജ് സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കാർ കൊണ്ടുപോയി. അവരുടെ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നു. ഞാൻ നോമ്പിലായതിനാൽ വളരെ ക്ഷീണിതനായിരുന്നു, ഈ അവസ്ഥയിൽ സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് താൻ അവരോട് പറഞ്ഞു. നോമ്പിലായതിനാൽ ക്ഷീണിതനാണെന്നും നോമ്പ് തുറക്കാൻ പള്ളിയിലേക്ക് പോകണമെന്നും പറഞ്ഞു.
പെട്ടെന്ന് കെവിൻ, സഫ്വാൻ, അമർ, മിഷൽ എന്നിവർ പിന്നിൽ നിന്ന് ആക്രമിച്ചു. തലയുടെ പിന്നിൽ നിരവധി തവണ ഇടിച്ചു. അമൽ തോമിയും ചേർന്ന് എന്നെ അസഭ്യം പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യൂണിറ്റിലെ വിദ്യാർത്ഥികളെ പിന്തുണച്ചതായിരുന്നു പ്രകോപനം. നോമ്പിലായതിനാൽ ക്ഷീണിതനായ താൻ മർദ്ദനമേറ്റതോടെ റോഡിൽ വീണു. പിന്നീട് ജില്ലാ പ്രസിഡന്റായ കൃഷ്ണലാൽ എന്റെ മുഖത്ത് തുപ്പി’ – എന്നും നിയാസ് പരാതിയിൽ ആരോപിക്കുന്നു.
കുറ്റക്കാർക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുത്തില്ലെങ്കിൽ പൊലീസിലെ സമീപിക്കുമെന്നും വിഷയം പൊതുമധ്യത്തിൽ ചർച്ചയാക്കുമെന്നും നിയാസ് പരാതിയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.