കോട്ടയം എസ്.എച്ച് മൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലെ പ്രതി; പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത് പ്രതിയെ പിടികൂടുന്നതിനിടെ; ആക്രമണത്തിൽ പരിക്കേറ്റ ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ; പ്രതി പൊലീസ് പിടിയിൽ

കോട്ടയം: എസ്.എച്ച് മൗണ്ടിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ കുത്തിയത് ചുങ്കത്ത് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി. കേസിലെ പ്രതിയായ അരുൺബാബുവാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അരുൺ ബാബുവിനെ ഗാന്ധിനഗർ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫിസർ സുനു ഗോപാലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

മാർച്ച് അഞ്ചിനാണ് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കയറി കെട്ടിയിട്ട് പ്രതി മോഷണം നടത്തിയത്. മൂന്ന് പവൻ സ്വർണവും രണ്ടായിരത്തോളം രൂപയുമാണ് ചുങ്കം മള്ളൂശേരി കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ ജോസിനെ (65) കെട്ടിയിട്ട് പ്രതി കവർന്നത്. ഈ പ്രതി ഒളിവിൽ കഴിയുന്ന വിവരം അറിഞ്ഞാണ് ഗാന്ധിനഗർ പൊലീസ് സംഘം എസ്.എച്ച് മൗണ്ടിനു സമീപത്തെ ഗ്രൗണ്ടിൽ എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം പ്രതി അപ്രതീക്ഷിതമായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുനു ഗോപാലിന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ സാഹസികമായി പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Hot Topics

Related Articles