തിരുവനന്തപുരം: തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിശോധന നടത്തുന്നതിനിടെ സബ്കളക്ടർക്കും തേനീച്ചയുടെ കുത്തേറ്റു. സബ് കളക്ടർ ആല്‍ഫ്രഡ് ഒവിക്കാണ് തേനീച്ചയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ കളക്ടർ ചികിത്സ തേടി. കലക്ടറേറ്റിൽ പരിശോധനക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു.
പരിശോധന തുടരുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് തേനീച്ച ആക്രമിക്കുകയായിരുന്നു. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടറേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. കലട്രേറ്റിൽ പരിശോധന നടന്നിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെ തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. കലക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് ഭീഷണിയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് തിരുവനന്തപുരം കളക്ടർ അനുകുമാരി പറഞ്ഞു. പരിശോധനയ്ക്കിടെ അവിചാരിതമായി തേനീച്ച കൂട് ഇളക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലരെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. തേനീച്ച കൂടുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്നും ബോംബ് പരിശോധനയിൽ നിലവിൽ ഒന്നും കണ്ടെത്താനായില്ലെന്നും കളക്ടർ പറഞ്ഞു.