പുഞ്ചിരിയോടെ കൈവീശി ഭൂമിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത് സുനിതയും സംഘവും; എത്തിയത് ഭൂമിയെ 4,576 തവണ വലംവെച്ച്; ചരിത്രം 

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവുമാണ് സംഘത്തിലുണ്ടായിരുന്നത്. പറഞ്ഞാല്‍ സാധാരണ മനുഷ്യന് വിശ്വസിക്കാന്‍ പ്രയാസമുള്ള നാഴികക്കല്ലുകള്‍ പിന്നിട്ടാണ് നാല്‍വര്‍ സംഘം ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയത്. 

Advertisements

ഒമ്പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച സുനിത വില്യംസും ബുച്ച് വില്‍മോറും എത്ര ദൂരം സഞ്ചരിച്ചുകാണും എന്ന് ഊഹിക്കാന്‍ പറ്റുമോ? ഇക്കുറി 286 ദിവസം നീണ്ട ദൗത്യത്തില്‍ സുനിതയും ബുച്ചും 121,347,491 മൈലുകള്‍ താണ്ടി. ഭൂമിയെ 4,576 തവണ വലംവെച്ചു. അതേസമയം 171 ദിവസം ഐഎസ്എസിലുണ്ടായിരുന്ന നിക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും 72,553,920 മൈല്‍ യാത്ര ചെയ്യുകയും 2,736 തവണ ഭൂമിയെ വലംവെക്കുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതാദ്യമായായിരുന്നു ഗോര്‍ബുനോവ് ബഹിരാകാശ യാത്ര നടത്തുന്നത്. എന്നാല്‍ സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി. ഇവരില്‍ ഒന്നാമത് ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് തന്നെ. 

സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോ‍ർബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്. 

ഇന്ന് പുലര്‍ച്ചെ 3.27-നാണ് നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവിനെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ഫ്രീഡം പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിത വില്യംസും പുറത്തെത്തി. 

9 മാസം നീണ്ട ബഹിരാകാശ ജീവിതത്തിന്‍റെ യാതൊരു ആയാസവുമില്ലാതെ കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിതയുടെ വരവ്. ഐഎസ്എസില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ സമയം 10.35നാണ് ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. 

Hot Topics

Related Articles