പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സൂര്യാതപമേറ്റ് കോതകുർശ്ശിയിലെ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പപ്പടത്തിന്‍റെ ആകൃതിയിൽ പൊള്ളലേറ്റത്. തൊലി അടർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് സൂര്യാതപമേറ്റത്. ഉടൻ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.