തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ പദവി ലക്ഷ്യമിട്ട് വ്യവസായിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് സജീവമായതോടെ ഒന്നിച്ചെതിര്‍ത്ത് കേരള ബിജെപി.രാജീവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനലിന്റെ പേരിലാണ് ബിജെപി സംസ്ഥാന നേതൃത്വം ഉടക്കിട്ടത്. കൊല്‍ക്കത്തയിലെ രാഷ്ട്രീയ അക്രമങ്ങളിലും തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കെതിരെ വാര്‍ത്തകള്‍ ചെയ്യാന്‍ സര്‍ക്കുലര്‍ ഇറക്കിയതിലും കുംഭമേളക്കെതിരെയുള്ള പ്രചരണത്തിലുമാണ് ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായാല്‍ അതു പ്രവര്‍ത്തകരെ തളര്‍ത്തുമെന്നും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന് പുറമെ എംടി രമേശ്, ശോഭ സുരേന്ദ്രന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരെയാണ് സംസ്ഥാന അധ്യക്ഷനാകാന്‍ കേന്ദ്രം പരിഗണിക്കുന്നത്. ഇതില്‍ തര്‍ക്കം വന്നാല്‍ നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രനോട് നിയമസഭ തിരഞ്ഞെടുപ്പ് വരെ തുടരാനോ, വി മുരളീധരനോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനോ കേന്ദ്രം നിര്‍ദേശിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജീവ് ചന്ദ്രശേഖര്‍ ബിജെപി അധ്യക്ഷസ്ഥാനത്തിന് അവകാശവാദം ഉയര്‍ത്തിയതോടെ ഗ്രൂപ്പുകളായി വിഘടിച്ചു നിന്ന നേതാക്കള്‍ എല്ലാം ഒന്നു ചേര്‍ന്നിട്ടുണ്ട്. അധ്യക്ഷനെ മാറ്റുകയാണെങ്കില്‍ തങ്ങളുടെ പ്രഥമ പിന്തുണ എംടി രമേശിനാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ സുരേന്ദ്രന്‍ തുടരട്ടെയെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നതിനായാണ് രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെത്തിയത്. തോല്‍വിയേറ്റുവാങ്ങിയതോടെ അദ്ദേഹം കേരളം വിട്ടു. ഇപ്പോള്‍ വീണ്ടും സജീവമായത് അധ്യക്ഷ പദവി ലക്ഷ്യമിട്ടാണ്.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുന്‍പ്, ‘പൊതു പ്രവര്‍ത്തനം ഉപേക്ഷിക്കുന്നു’ എന്ന രാജീവിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. തിരുവനന്തപുരം നഗരത്തില്‍ സ്വന്തം വസതി വാങ്ങിയ രാജീവ്, മാസത്തില്‍ ഏഴ് ദിവസമെങ്കിലും തിരുവനന്തപുരത്ത് ചെലവിടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ നേരിയ വോട്ടിനു കൈവിട്ട പാര്‍ലമെന്റ് മണ്ഡലം 2029ല്‍ തിരിച്ചുപിടിക്കാമെന്നാണ് രാജീവിന്റെ കണക്കുക്കൂട്ടല്‍. 2026ല്‍ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് തരൂരിനെക്കാള്‍ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകള്‍ രാജീവ് നേടിയിരുന്നു. ശശി തരൂര്‍ 39,101 നേടിയപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ 61,227 വോട്ടുകളാണ് നേമത്ത് നേടിയത്.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ തേടി ജേക്കബ് തോമസ് രംഗത്തെത്തിയിട്ടുണ്ട്. ആര്‍എസ്‌എസിന്റെ പിന്തുണയോടെയാണ് അദേഹത്തിന്റെ നീക്കം. സംഘടന സെക്രട്ടറി ബി എല്‍ സന്തോഷ്, അപരാജീത സാരംഗി, പ്രകാശ് ജാവദേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരുടെയും പിന്തുണ അദേഹം തേടിയിട്ടുണ്ട്.