കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ ചെങ്കൊടി ഉയരും. മറൈൻഡ്രൈവിൽ തയ്യാറാക്കിയ നഗരിയിൽ ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് സമ്മേളനം. ആദ്യ മൂന്നുനാൾ ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കർമപദ്ധതിയുടെ നയരേഖയും പ്രവർത്തന റിപ്പോർട്ടും അംഗീകരിക്കും.
നാലിന് വൈകിട്ട് ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനം. സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാൾ അഭിമന്യു നഗറിനെ സമ്പന്നമാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് സാഹചര്യത്തിൽ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല. ഇന്ന് രാവിലെ 9.30 ന് ആനത്തലവട്ടം ആനന്ദൻ സമ്മേളന പതാക ഉയർത്തും.
തുടർന്ന് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. 10 മണിക്ക് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.