കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററില്‍ തമിഴിലും ഫെയ്‌സ്ബുക്കില്‍ മലയാളത്തിലുമാണ് പിണറായിയുടെ ആശംസ. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ രൂപപ്പെടുന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ആശംസകള്‍ അറിയിച്ചത്.
‘പ്രിയപ്പെട്ട സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹികനീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പോരാടാനും, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.’- മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളിലെ സംഭവങ്ങള്‍ ആസ്പദമാക്കി സ്റ്റാലിന്‍ എഴുതിയ ‘ഉങ്കളില്‍ ഒരുവന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് തിങ്കളാഴ്ച ചെന്നൈയില്‍ നടന്നിരുന്നു.
പിണറായി വിജയനു പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സ്റ്റാലിനുമായി അടുപ്പം പുലര്‍ത്തുന്നെന്നു കരുതുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു എന്നിവരുടെ അഭാവം ശ്രദ്ധേയമായി.