തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയുടെ മരണം ; ദുരുഹത നീക്കണം : അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

തിരുവനന്തപുരം: മകളുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടോ എന്ന് കണ്ടെത്തണമെന്ന് മേഘയുടെ പിതാവ് മധുസൂദനൻ. സംഭവത്തില്‍ ഐബിക്കും പോലീസിനും പരാതി നല്‍കി.കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവള ജീവനക്കാരിയായ മേഘയെ ചാക്കയില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകൻ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിഷയത്തില്‍ ദുരൂഹതയാരോപിച്ച്‌ രക്ഷിതാക്കള്‍ ഐബിക്കും പോലീസിനും പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം പത്തനംതിട്ട അതിരുങ്കല്ലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Advertisements

മുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ് പോയ മകള്‍ എങ്ങനെയാണ് റെയില്‍വേ ട്രാക്കില്‍ എത്തിയതെന്നും ഈ സമയത്ത് മകള്‍ക്ക് വന്ന ഫോണ്‍ കോള്‍ ആരുടേതായിരുന്നുവെന്നും പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ലെന്നും ഇത് മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടാക്കുന്നുവെന്നും പിതാവ് ആരോപിച്ചു. ‘എഴ് മണിയാകുമ്ബോള്‍ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകുവാണ്. രാവിലെ കഴിക്കാൻ വേണ്ടി എന്തെങ്കിലും വാങ്ങി പോകും എന്നാണ് പറഞ്ഞത്. പിന്നീട് പത്ത് മണിയായപ്പോഴാണ് വിവരം കിട്ടുന്നത്, ട്രെയിൻ അപകടം സംഭവിച്ചുവെന്ന്. അപ്പോഴാണ് സംശയം വരുന്നത്. റൂമില്‍ പോകുന്ന വഴിക്ക് റെയില്‍വേ ട്രാക്ക് ഇല്ല. അകലെയുള്ള റെയില്‍വേ ട്രാക്കില്‍ കൂടി പോകണമെങ്കില്‍ ആ സമയത്ത് ആരെങ്കിലും വിളിച്ചിട്ടുണ്ടാകണം. സ്ഥിരം പോകുന്ന റൂട്ടില്‍ റെയില്‍വേ ട്രാക്ക് ഇല്ല. അതുകൊണ്ട് തന്നെ സംശയം തോന്നി. റൂമില്‍ പോകുന്നുവെന്ന് പറഞ്ഞ ശേഷമാണ് അവള്‍ റൂട്ട് മാറ്റിയത്. ചാനലില്‍ പറഞ്ഞു കേട്ടു,ഫോണില്‍ സംസാരിച്ചുകൊണ്ടാണ് പോയതെന്ന്. മൊബൈല്‍ ഫോണ്‍ ഒക്കെ പരിശോധിച്ച്‌ എന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം’ പിതാവ് പറഞ്ഞു. ജോധ്പുരില്‍ ട്രെയിനിങ്ങിന് പോയപ്പോള്‍ അവിടെവെച്ച്‌ ഒരു കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേർഡ് അധ്യാപകനായ മധുസൂദനന്റെയും കളക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളായിരുന്നു മേഘ.ചെറുപ്രായത്തില്‍ തന്നെ മേഘയ്ക്ക് ജോലി ലഭിച്ചു. എന്നാല്‍ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.മനസ്സിനെ വല്ലാതെ ഉലച്ച സംഭവത്തെക്കുറിച്ച്‌ പ്രിയപ്പെട്ടവരോടു പോലും ഉരിയാടാതെയാണ് മേഘ ജീവിതത്തില്‍ നിന്ന് അകന്നുപോയത്. പഞ്ചാബില്‍ വെച്ച്‌ നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശി യുവാവുമായി മേഘ അടുത്തത്. ബന്ധുക്കള്‍ ആദ്യം എതിർത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതായാണ് വിവരം.

മേഘയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം. മൊബൈല്‍ കണ്ടെടുത്ത് കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂ എന്ന് മേഘയുടെ പിതൃസഹോദരൻ ബിജു പറഞ്ഞു. ജോലി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോയ മേഘയെ കഴിഞ്ഞ ദിവസം ചാക്ക റെയില്‍വേ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്നു മൊബൈല്‍ ഫോണ്‍ തകർന്ന നിലയിലായിരുന്നു. ഇത് ശരിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.

Hot Topics

Related Articles