ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർമുറിയില്‍ ഉണ്ടായ തീപിടുത്തത്തിന് ശേഷം ഏകദേശം എട്ട് മണിക്കൂറോളം ഡല്‍ഹി പൊലീസ് സംഭവത്തെക്കുറിച്ച് അറിയാൻ ഇരുട്ടില്‍ തപ്പുകയായിരുന്നുവെന്ന് നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മാർച്ച് 14 ന് രാത്രി 11.30 നാണ് ജസ്റ്റിസ് വർമ്മയുടെ പേഴ്സണല്‍ അസിസ്റ്റന്റ് തീപിടിത്തത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. അർധരാത്രിയോടെ തീ അണക്കുകയും ചെയ്തു. ‘തീ പൂർണമായും കെടുത്തിയപ്പോള്‍, സ്ഥലത്തുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരോട് അവിടെ നിന്നും പോകാനും രാവിലെ തിരികെ വരാനും ജഡ്ജിയുടെ പിഎ ആവശ്യപ്പെട്ടു,’ ഒരു ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
തീപിടിത്തം ഉണ്ടായ സമയത്ത് ജസ്റ്റിസ് വർമ്മ ഭാര്യയോടൊപ്പം പുറത്തായിരുന്നു. ജസ്റ്റിസ് വർമ്മയുടെ പിഎയെ ഇന്ത്യൻ എക്സ്പ്രസ് ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ലഭിച്ചില്ല. കേസ് അന്വേഷണ ഉദ്യോഗസ്ഥൻ പിറ്റേന്ന് രാവിലെ ജസ്റ്റിസിന്റെ വസതിയില്‍ എത്തിയങ്കെിലും പിന്നീട് വരാൻ ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർച്ച് 15 ന് രാവിലെ 8 ന് അഡീഷണല്‍ ഡിസിപി കഴിഞ്ഞ 24 മണിക്കൂറിനിടയിലുണ്ടായ സംഭവങ്ങളുടെ ചുരുക്കം അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ ഈ വിവരം പൊലീസ് കമ്മീഷണറെ അറിയിക്കുകയും തീപിടുത്തത്തിന് ശേഷം പകർത്തിയ വീഡിയോകള്‍ അദ്ദേഹത്തിന് കാണിക്കുകയും ചെയ്തു. പൊലീസ് മേധാവി ഇക്കാര്യം കേന്ദ്രത്തിലെ ഉന്നതരെ അറിയിച്ചുവെന്നും തുടർന്ന് വൈകുന്നേരം 4.50 ഓടെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയെ ഇക്കാര്യം അറിയിച്ചുവെന്നും വൃത്തങ്ങള്‍ അറിയിച്ചു.
തീപിടിത്ത സമയത്ത് ആദ്യം സ്ഥലത്ത് എത്തിയ അഞ്ച് പൊലീസുകാരുടെ ഫോണുകള്‍ ഹാജരാക്കാൻ ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. തീപിടിത്തത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതി നടത്തുന്ന അന്വേഷണത്തില്‍ ഈ ഫോണുകളില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
യശ്വന്ത് വർമയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തീ അണയ്ക്കുന്നതിനിടെ ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ ഇവ കണക്കില്‍പ്പെടാത്തതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങള്‍.