കാലടി: വലിയ ദുരന്ത വാര്‍ത്തയില്‍ കലാശിക്കേണ്ടിയിരുന്ന അപകടത്തെ തന്റെ വലത് കാല്‍ കൊണ്ട് ചവിട്ടി നിര്‍ത്തി നാടിന് അഭിമാനമാകുകയാണ് ഒരു അഞ്ചാം ക്ലാസുകാരന്‍. സ്‌കൂള്‍ ബസിലുണ്ടായിരുന്ന സഹപാഠികളെ അപകടത്തില്‍ നിന്നു രക്ഷിച്ചതോടെയാണ് ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷ്, സൂപ്പര്‍ ഹീറോ മിന്നല്‍ ആദിത്യനായത്.
ഇന്നലെ വൈകിട്ട് സ്‌കൂളിന്റെ മുന്നിലുള്ള റോഡിലാണു സംഭവം. വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോകുന്നതിനു വിദ്യാര്‍ഥികള്‍ ബസില്‍ കയറി ഇരിക്കുകയായിരുന്നു. സ്‌കൂളിന്റെ നേരെ മുന്‍പില്‍ ഇറക്കമാണ്. ഡ്രൈവര്‍ ബസിലുണ്ടായിരുന്നില്ല. ഈ സമയത്താണു ഗിയര്‍ തനിയെ തെന്നി മാറി ബസ് പതുക്കെ മുന്നോട്ടു നീങ്ങിയത്. എല്ലാ വിദ്യര്‍ത്ഥികളും നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആദിത്യന്‍ ഓടിച്ചെന്ന് ഡ്രൈവറുടെ സീറ്റില്‍ ചെന്നിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തി. ഈ സമയം ബസിലും റോഡിലും നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോറസ് ലോറി ഡ്രൈവറായ അമ്മാവന്റെ കൂടെ ആദിത്യന്‍ ലോറിയില്‍ പോകാറുണ്ട്. ഈ പരിചയമാണ് സമയോചിതമായി ഇടപെടാന്‍ സഹായിച്ചത്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍.