ന്യൂഡൽഹി : വഖഫ് നിയമഭേദഗതി അംഗീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇതോടെ ബില്‍ നിയമമായി. വിജ്ഞാപനത്തിലൂടെ നിയമം പ്രാബല്യത്തില്‍ വരുന്ന തീയതി സർക്കാർ അറിയിക്കും.1995 ലെ വഖഫ് നിയമമാണ് ഭേദഗതി വരുത്തിയത്. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ പാർലമെന്റിലെ ഇരുസഭകളിലും പാസായത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ബില്‍ സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റേയും വിവിധ മുസ്ലീം സംഘടനകളുടേയും കടുത്ത എതിർപ്പിനെ തുടർന്ന് ബില്‍ സംയുക്ത പാർലമെന്റ് സമിതിക്ക് വിട്ടു. ബിജെപി നേതാവ് ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള ജെപിസി രണ്ട് മാസത്തെ ചർച്ചകള്‍ക്ക് ശേഷം ഏപ്രില്‍ 2 പരിഷ്കരിച്ച ബില്‍ അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രില്‍ 3 ന് ഏകദേശം 12 മണിക്കൂറോളം നീണ്ട ചർച്ചകള്‍ക്ക് ഒടുവില്‍ ബില്‍ ലോക്സഭയില്‍ പാസായി. 288 പേരാണ് സഭയില്‍ ബില്ലിനെ പിന്തുണച്ചത്. 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഏപ്രില്‍ 4 ന് രാജ്യസഭയില്‍ നടന്ന ചർച്ചയ്ക്ക് ശേഷം 128 പേരുടെ പിന്തുണയോടെ അവിടേയും ബില്‍ പാസായി.
അതേസമയം കടുത്ത എതിർപ്പാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയർത്തുന്നത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും മുസ്ലീങ്ങളോടുള്ള വിവേചനമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമനിർമ്മാണം നടത്തിയത് എന്നാണ് കേന്ദ്രവാദം.
പുതിയ നിയമം അനുസരിച്ച് വഖഫ് കൗണ്‍സിലില്‍ രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ പരമാവധി നാല് അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകും. മാത്രമല്ല ഇനി സ്വത്ത് വഖഫ് ആണോ അതോ സർക്കാരിന്റേതാണോ എന്ന് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടർമാരുടെ റാങ്കിന് മുകളിലുള്ള മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും. അതേസമയം നിയമത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും എ ഐ എം ഐ എമ്മും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ വഖഫ് സ്വത്തുക്കള്‍ക്കും അവയുടെ നടത്തിപ്പിനും ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതാണെന്നും മുസ്ലീം സമുദായത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നതാണെന്നുമാണ് കോണ്‍ഗ്രസ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. വഖഫും അവയുടെ നടത്തിപ്പും ഭരണവുമെല്ലാം ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനാ സംരക്ഷണത്തിന് അർഹതയുണ്ടെന്നും എ ഐ എം ഐ എം ഹർജിയില്‍ പറയുന്നു.