ന്യൂഡല്‍ഹി: രാജ്യസഭയിലെ ദൈർഘ്യമേറിയ ചർച്ച നടത്തിയ ബില്‍ എന്ന റെക്കോർഡ് ഇനി വഖഫ് ബില്ലിന്. 17 മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചകള്‍ക്കൊടുവിലാണ് ബില്‍ രാജ്യസഭ കടന്നത്.1981 ല്‍ 16 മണിക്കൂർ 55 മിനിറ്റ് നീണ്ടു നിന്ന എസ്മയെക്കുറിച്ച് ചർച്ച ചെയ്ത റെക്കോർഡാണ് ഇതിലൂടെ കടന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭയില്‍ വ്യാഴാഴ്ച ഒന്നിനു തുടങ്ങിയ ചർച്ച രാത്രി വൈകിയും നീണ്ടു നിന്നു. വ്യാഴാഴ്ച രാജ്യസഭയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ പാർട്ടികള്‍ ബില്ലിനെ “ഭരണഘടനാ വിരുദ്ധം” എന്ന് വിശേഷിപ്പിക്കുകയും മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് ആരോപിക്കുകയും ചെയ്തു.
കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എഎപി, ശിവസേന (യുബിടി), സമാജ്‌വാദി പാർട്ടി, ആർജെഡി, ഇടതുപക്ഷ പാർട്ടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ ഭരണകക്ഷി ദുരുദ്ദേശ്യത്തോടെയാണ് ബില്‍ കൊണ്ടുവന്നതെന്ന് ആരോപിച്ചു. 14 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വ്യാഴാഴ്ച പുലർച്ചെ 1.56നാണ് ബില്‍ ലോക്സഭ പാസാക്കിയത്. ഹാജരായിരുന്ന 520 അംഗങ്ങളില്‍ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേർ എതിർത്തു.