ആലപ്പുഴ : ചരിത്രപ്രസിദ്ധമായ എടത്വ സെന്റ്. ജോര്‍ജ്ജ് ഫൊറോനാപള്ളി തിരുനാളിന്റെ ഭാഗമായി നടക്കുന്ന വ്യാപാരമേള പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ആശിര്‍വദിച്ച് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു. തിരുനാളിനോട് അനുബന്ധിച്ചാണ് വ്യാപാരമേള നടത്തുന്നത്. പള്ളിയുടെ മൈതാനത്ത് 34,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ഹാങ്കര്‍ പന്തലില്‍ ഏകദേശം 200 ഓളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. കേരളം, തമിഴ്നാട്, കര്‍ണാടക, തുടങ്ങിയ പല സ്ഥലങ്ങളില്‍ നിന്നുമുള്ള വ്യാപാരികളാണ് മേളയില്‍ പങ്കെടുക്കുന്നത്. കൊടിയേറ്റ് ദിവസമായ ഏപ്രില്‍ 27 ന് കടകളുടെ പ്രവര്‍ത്തനം ആരംഭിച്ച് മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും.
മെയ് മൂന്നിന് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീരസ്വരൂപം ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. കാല്‍നാട്ടുകര്‍മത്തില്‍ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, കൈക്കാരന്മാരായ ടോമിച്ചന് പറപ്പള്ളി, ജെയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ റോബിന് കളങ്ങര, ജയിന് മാത്യു, കെട്ടിമേച്ചില്‍ കണ്‍വീനര്‍ വറീച്ചന് വേലിക്കളം, ബിനോയ് ഒലക്കപ്പാടില്‍, ദിലീപ്മോന്‍ വര്‍ഗീസ്, ജോബി കണ്ണമ്പള്ളി, ജെയിംസകുട്ടി കന്നേല്‍ തോട്ടുകടവില്‍, ജോര്‍ജ്കുട്ടി മുണ്ടകത്തില്‍, ബാബു പള്ളിത്തറ, ചാക്കോ ആന്റണി, സിബിച്ചന് തെക്കേടം, പി.കെ. ഫ്രാന്‍സിസ്, സാജു കൊച്ചുപുരക്കല്‍, സാബു ഏറാട്ട് എന്നിവര്‍ പങ്കെടുത്തു.