കോട്ടയം: കുറിച്ചിയിൽ വിളഞ്ഞു കിടക്കുന്ന പാടത്ത് നെല്ല് കൊയ്യാൻ കൊയ്ത്ത് മെതി യന്ത്രം ഇറക്കുന്നില്ലെന്ന് പരാതി. കുറിച്ചി കറിക്കണ്ടം പാടശേഖരത്തിലാണ് കൊയ്ത്ത് മെതിയന്ത്രം എത്തിച്ചിട്ടും ഇറക്കുന്നില്ലെന്ന് പരാതി ഉയർന്നത്. നാലു ദിവസത്തോളമായി നെല്ല് കൊയ്യാൻ തയ്യാറാകാതെ യന്ത്രം കരയ്ക്ക് ഇട്ടിരിക്കുകയാണ്. ഇതിനെതിരെ കർഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ വേനൽ മഴ പെയ്ത സമയത്ത് യന്ത്രം ഇറങ്ങുന്ന ഭാഗത്ത് ചെളി പിടിച്ചിരുന്നു. ഇതോടെ ഇതുവഴി ഇറങ്ങിയ കൊയ്ത്ത് യന്ത്രം ചെളിയിൽ പുതഞ്ഞ് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേ തുടർന്ന് കർഷകർ പാടത്തെ വെള്ളം വറ്റിച്ച് യന്ത്രം ഇറക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണം ചെയ്തിരുന്നു. എന്നാൽ, നാലു ദിവസമായിട്ടും യന്ത്രം ഇറക്കാൻ ജീവനക്കാർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ നെല്ല് കൊയ്യാനാവാതെ വരുമെന്ന ആശങ്കയിലാണ് കർഷകർ. കർശനമായി അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ഉയർത്തുന്നത്.
കോട്ടയം കുറിച്ചിയിൽ 32 ഏക്കറിലെ നെല്ല് കൊയ്യാൻ കൊയ്ത്ത് യന്ത്രം ഇറക്കുന്നില്ലെന്ന് പരാതി; നാലു ദിവസമായി കൊയ്ത്ത് മുടങ്ങി; കർഷകർ ആശങ്കയിൽ
