തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്‍റെ ഭാഗമായി ശംഖുമുഖം തീരത്ത് ഭക്തിനിർഭരമായ ആറാട്ട് . ഇന്നലെ വൈകിട്ട് അഞ്ചിന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടവഴി പുറത്തിറങ്ങി. ക്ഷേത്രത്തിലെ ശീവേലിപ്പുരയില്‍ സ്വര്‍ണഗരുഡവാഹനത്തില്‍ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിവാഹനങ്ങളില്‍ തെക്കേടത്ത് നരസിംഹമൂര്‍ത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെ വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു. ക്ഷേത്രം സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ പള്ളിവാളേന്തി അകമ്പടി ചേര്‍ന്നു. പെരുമ്പറ കെട്ടിയ ആന മുന്നിലായി നടന്നു. നഗരത്തിലെ നാല് ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ കൂടിയാറാട്ടിനായി ഒപ്പം ചേര്‍ന്നു. സായുധപൊലീസും കരസേനയുടെ അംഗങ്ങളും ആചാരബഹുമതി നല്‍കി. വേല്‍ക്കാര്‍,കുന്തക്കാര്‍, പോലീസിന്റെ ബാന്‍ഡ് സംഘം എന്നിവ അകമ്പടി സേവിച്ചു.
വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്. ശംഖുമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകള്‍ക്ക് ശേഷം വിഷ്ണു നാമങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്ത്രി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പെരിയനമ്പി, പഞ്ചഗവ്യത്തു നമ്പി എന്നിവര്‍ കാര്‍മികരായി. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് കൊടിയിറക്കും നടന്നു. ഇന്ന് നടക്കുന്ന ആറാട്ട് കലശത്തോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും. ഭരണസമിതി അംഗങ്ങളായ ആദിത്യവര്‍മ, കരമന ജയന്‍, വേലപ്പന്‍നായര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ്, മാനേജര്‍ ബി.ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.