തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മാർച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക. സംസ്ഥാനത്ത് ലോക്കപ്പ് പോലുമില്ലാത്ത അപൂർവം പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പരിമിതികളെയെല്ലാം പൊലീസ് സ്റ്റേഷൻ മറികടക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1985 ലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. പുളിക്കീഴ് ഷുഗർഫാക്ടറി വക ക്വാർട്ടേഴ്‌സ് കെട്ടിടത്തിലാണ് അന്നു മുതൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ഇപ്പോഴും ഇതേ സ്ഥലത്ത് തന്നെയാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ആലംതുരുത്തിയിൽ മുത്താരമ്മൻ കൊവിലിന് എതിർവശത്തുള്ള, പുളിക്കീഴ് ഷുർഫാക്ടറിയുടെ സ്ഥലത്താണ് പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. ഫാക്ടറി വിട്ടു നൽകിയ 70 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. ആറിനു ഉച്ചയ്ക്ക് 12 ന് നടക്കുന്ന യോഗത്തിൽ ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ, പരിപാടികൾ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.വി ഗോവിന്ദൻ അധ്യക്ഷത വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മൂന്നു കോടി രൂപയാണ് പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമ്മാണത്തിനായി ഉൾപ്പെടുത്തിയത്. ഇതിൽ 33 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ മണ്ണു പരിശോധന കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. മൂന്നു നിലകളിലായാണ് പൊലീസ് സ്റ്റേഷൻ കെട്ടിടം ആദ്യം നിർമ്മിക്കുക. എസ്.എച്ച്.ഒയുടെ ഓഫിസും, സ്റ്റേഷൻ ഓഫിസും ലോക്കപ്പും അടങ്ങുന്നതാണ് താഴത്തെ നില. കോൺഫറൻസ് ഹാളും, വനിതാ പൊലീസുകാർക്കുള്ള വിശ്രമമുറിയും ഒന്നാം നിലയിലുണ്ടാകും. രണ്ടാം നിലയിൽ അടുക്കളയും ജിംനേഷ്യവും ബാരക്കും നിർമ്മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മൂന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന് 3690 ചതുരശ്ര അടിയാണ് ഉള്ളത്. നിലവിൽ എസ്.എച്ച്.ഒ അടക്കം 38 പേരാണ് സ്റ്റേഷനിൽ ഉള്ളത്. ഇവർക്ക് താമസ സൗകര്യം അടക്കം ഒരുക്കുന്നതിനും പദ്ധതിയുണ്ട്.