തുരുത്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: എം.സി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തിൽ മരിച്ച രണ്ടു പേരെയും ഇനിയും തിരിച്ചറിയാൻ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹങ്ങൾ അത്യാഹിത വിഭാഗത്തിൽ നിന്നും മോർച്ചറിയിലേയ്ക്കു മാറ്റി.
ഞായറാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതിൽ സ്കൂട്ടറുമായി നിരങ്ങി നീങ്ങിയ കാർ സമീപത്തെ ചായക്കടയിൽ ഇടിച്ചാണ് നിന്നത്. കാർ നിരങ്ങി നീങ്ങുമ്പോഴെല്ലാം യാത്രക്കാരായ സ്ത്രീയും പുരുഷനും കാറിന്റെ ഇടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും സ്കൂട്ടർ ഓടിച്ച ആൾക്ക് മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാൽ തിരക്കില്ലാതിരുന്നതിനാൽ ഹോട്ടൽ അടച്ചിരുന്നു. ഇതിനാൽ കൂടുതൽ ആളുകൾക്ക് അപായം ഉണ്ടായില്ല.