തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ എസ്ഐ ക്കെതിരെ കേസെടുത്ത് പൊലീസ്. ചിറയിൻകീഴ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകൻ (13) ചികിത്സയിലാണ്. വിനായകന്റെ അച്ഛൻ സുമേഷും ശ്രീബുവും തമ്മിലുണ്ടായ തർക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിനായകന്റെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. ക്ഷേത്രത്തിലെ തൂക്ക ദിവസമായ വ്യാഴാഴ്ച രാത്രിയിൽ ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വിനായകനെ, ശ്രീബു പിടിച്ചുതള്ളുകയും ചവിട്ടുകയുമായിരുന്നു എന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്സവക്കമ്മിറ്റി ഭാരവാഹി കൂടിയായ ശ്രീബു, ക്ഷേത്ര പരിസരത്തുനിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടാണ് വിനായകനെ ആക്രമിച്ചത്. ഡ്യൂട്ടിയിലല്ലാതിരുന്ന എസ്ഐയുടെ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് രക്ഷിതാക്കളുടെ നീക്കം.