തിരുവനന്തപുരം: വര്‍ക്കല പന്തുവിളയില്‍ ഇരുനിലവീടിനു തീപിടിച്ച് അഞ്ചു പേര് മരിക്കാനിടയായ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ പൊള്ളലേറ്റതായി കണ്ടെത്തിയെങ്കിലും അത് മരണകാരണമല്ല. കടുത്ത ചൂടും വിഷപ്പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമായതെന്നാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചവരുടെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയയ്ക്കും. മൃതദേഹങ്ങള്‍ നാളെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറിക്കട നടത്തുന്ന ബേബി എന്ന പ്രതാപന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പ്രതാപന് (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന് അഹില്‍ (25), രണ്ടാമത്തെ മകന് നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന് റയാന് (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീപിടുത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കൊണ്ടാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. അട്ടിമറി സാധ്യതകൊളൊന്നും ഇതേവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. തീപിടുത്തമുണ്ടായ വീടിനു ചുറ്റുവട്ടത്തെ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ആരും ഈ പ്രദേശത്ത് എത്തിയിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം. തീപിടുത്തമുണ്ടായ വീടിന്റെ കാര്‍ ഷെഡില്‍ നിന്നോ ഹാളില്‍ നിന്നോ തീ പടര്‍ന്നതാകാമെന്നാണ് ഇലക്ട്രിക് ഇന്‍സ്പക്ടറിന്റേയും ഫൊറന്‍സിക് വിഭാഗത്തിന്റേയും അനുമാനം. ഫൊറന്‍സിക് വിദഗ്ദ്ധരുടെ അന്തിമ ഫലം വേഗത്തില്‍ കൈമാറാനും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീ പര്‍ന്നതിനുപിന്നിലെ കാരണം കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.
റൂറല്‍ എസ്പി ദിവ്യ ഗോപിനാഥും, ജില്ലാ കലക്ടര്‍ നവ്ജ്യോത് ഖോസയും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.വീടിനുള്ളില്‍ ജിപ്സം ഉപയോഗിച്ച് നടത്തിയ ഇന്റീരിയര്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയതായും സൂചനയുണ്ട്. എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടര്‍ന്നപ്പോള്‍ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വര്‍ക്കല ഡി.വൈ.എസ്.പി പി നിയാസിന് അന്വേഷണ ചുമതല. റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് മേല്‍നോട്ടം വഹിക്കും.