കാസർകോട് : കരിന്തളം സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ നീലേശ്വരത്തെ ജൂവലറി ഉടമ ഉൾപ്പെടെ മൂന്നുപേർ റിമാൻഡിൽ.നീലേശ്വരം ദേവനന്ദ ഗോള്‍ഡ് ഉടമയും അഞ്ചരക്കണ്ടി സ്വദേശിയുമായ പി.വി. ബിജു, നീലേശ്വരത്തെ കടയിലെ സെയില്‍സ് ഗേള്‍ വി. രമ്യ, ഇരിട്ടി പടിയൂർ സ്വദേശിയും ചെറുവത്തൂർ പുതിയ കണ്ടത്ത് താമസക്കാരനുമായ ടി. ഷിജിത്ത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
വ്യാഴാഴ്ചയാണ് പ്രതികള്‍ 916 മുദ്ര പതിപ്പിച്ച 26.400 ഗ്രാം ആഭരണം പണയപ്പെടുത്തുന്നതിനായി കരിന്തളം സഹകരണ ബാങ്കില്‍ എത്തിയത്. ജീവനക്കാർക്ക് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ബാങ്ക് സെക്രട്ടറി വി. മധുസൂദനൻ പോലീസില്‍ പരാതി നല്കി. രമ്യ, ഷിജിത്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച നല്കിയ ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാൻസി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങുകയും ഷിജിത്തിന്റെ സുഹൃത്തായ ബിജുവിന്റെ ജൂവലറിയില്‍ പോയി 916 മുദ്ര പതിപ്പിച്ച് പണയം വെക്കാൻ ബാങ്കിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നീലേശ്വരം എസ്ഐ കെ.വി. രതീശൻ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്ഐ സി.കെ. മുരളീധരൻ, എഎസ്ഐ പ്രീതി, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ രമേശൻ കോറോം, സി. രാജീവൻ, മധു മാണിയാട്ട്, സിവില്‍ പോലീസ് ഓഫീസർ ശ്രീദേവി, ഡ്രൈവർ ജയേഷ്, ഹോം ഗാർഡ് ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു.
വ്യാജനെ തിരിച്ചറിയാനാകാത്ത ‘916’ മുദ്ര
കരിന്തളം സർവീസ് സഹകരണ ബാങ്കില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് തുറന്നിടുന്നത് വലിയൊരു അപകടക്കെണിയാണ്.
ഒറിജിനല്‍ സ്വർണത്തിന് മാത്രം കാണുന്ന 916 മുദ്ര വ്യാജസ്വർണത്തിന് കൂടി പതിപ്പിച്ചുകൊടുക്കുമ്ബോള് സാധാരണക്കാർക്ക് ഒറിജിനല്‍ ഏത് വ്യാജൻ ഏത് എന്ന് തിരിച്ചറിയാൻ കഴിയില്ല. അതുതന്നെയാണ് ഇത്തരം സംഘങ്ങളുടെ നേട്ടവും. ഈ സംഭവത്തോടെ സ്വർണപ്പണയത്തിന്മേല് വായ്പ കൊടുക്കുന്ന ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അങ്കലാപ്പിലായിരിക്കുകയാണ്.
ഇത്തരം തട്ടിപ്പുകാരെ ജനം കരുതിയിരിക്കണമെന്നും എന്തെങ്കിലും സംശയം തോന്നിയാല്‍ പോലീസിനെ അറിയിക്കണമെന്നും നീലേശ്വരം എസ്ഐ അറിയിച്ചു.