കോട്ടയം: നഗരത്തെ നടുക്കിയ അതിക്രൂരമായ കൊലപാതകം. പത്തടിയോളം ഉയരമുള്ള മതിലിന്റെ സുരക്ഷയ്ക്കുള്ളിൽ രാത്രിയിൽ ഉറങ്ങാൻ കിടന്ന ഗൃഹനാഥനും ഭാര്യയും അതിക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നു. സംഭവത്തിനു പിന്നിൽ, ഇന്നലെ രാത്രി സംഭവിച്ചതെന്തെന്ന നിഗമനത്തിലാണ് നാടും നാട്ടുകാരും. കോട്ടയം തിരുനക്കര ഇന്ദ്ര പ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സവത്തിൽ വിജയകുമാറും , ഭാര്യ ഡോ.മീരയുമാണ് വീടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി സംഭവിച്ചത് എന്ത്..!
തിരുവാതുക്കൽ – കുരിശുപള്ളി റോഡരികിൽ പത്തടിയോളം ഉയരത്തിലുള്ള മതിലിനുള്ളിൽ തല ഉയർത്തി നിൽക്കുകയാണ് ശ്രീവത്സവം ന്നെ വീട്. ഈ റോഡരികിലൂടെ കടന്നു പോകുന്ന ആർക്കും ഒന്ന് നോക്കാൻ സാധിക്കുന്ന രീതിയിൽ അത്യാർഭാടം നിറഞ്ഞ വീട്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെ ജോലികൾ തീർത്ത് രാത്രി 10 മണിയോടെയാണ് വിജയകുമാർ തന്റെ വീട്ടിലേയ്ക്ക് എത്തിയത്. വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇതര സംസ്ഥാനക്കാരനാണ് വീടിന്റെ ഗേറ്റ് തുറന്ന് നൽകിയത്. ഈ ഗേറ്റ് തുറന്ന് അകത്ത് കയറിയ ഇദ്ദേഹം കിടന്ന് ഉറങ്ങാനായി പോയി.
റിമോട്ട് ഘടിപ്പിച്ച ഗേറ്റും, 24 മണിക്കൂറും സിസിടിവിയുടെ നിരീക്ഷണത്തിലും കഴിയുന്ന വീടിനുള്ളിൽ സുരക്ഷിതമായാണ് ഇദ്ദേഹം ഉറങ്ങാൻ കിടന്നത്. അർദ്ധരാത്രിയ്ക്ക് ശേഷമാണ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി വീടിന്റെ തെക്ക് ഭാഗത്തെ ഗേറ്റ് ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചത്. ഇവിടെ നിന്ന് ഇയാൾ നേരേ പോയത് വീടിന്റെ പ്രധാന വാതിലിലേയ്ക്കായിരുന്നു. വാതിലിനോട് ചേർന്നുള്ള ചെറിയ ജനവാതിലിന്റെ ഒരു കൊളുത്ത് മാത്രമാണ് വിജയകുമാർ ഇട്ടിരുന്നത്. പുറത്ത് നിന്നും ഒരു സ്ക്രൂ ഉപയോഗിച്ച് ആ ജനവാതിലിന്റെ കൊളുത്ത് ഇളക്കി മാറ്റി. ഇതിന് ശേഷം ആ ജനവാതിലിലൂടെ ഉള്ളിൽ കയ്യിട്ട് പ്രധാന വാതിൽ തുറന്നു. ഈ പ്രധാന വാതിലിന്റെയും ഒരു കുറ്റി മാത്രമാണ് ഇദ്ദേഹം ഇട്ടിരുന്നത്. ഇതിന് ശേഷം വീടിനുള്ളിലേയ്ക്കു കയറിയ പ്രതി ആദ്യം വീടിന്റെ സ്റ്റോർ റൂമിൽ എത്തി. ഇവിടെ നിന്നും കോടാലി കൈക്കലാക്കി വിജയകുമാറിന്റെ ഭാര്യ മീരയുടെ മുറിയിലെത്തി. ഒറ്റയടി, രാത്രിയിൽ കിടന്നുറങ്ങിയിരുന്ന മീരയുടെ തലയോട് തകർത്ത ശേഷം തൊട്ടപ്പുറത്തെ മുറിയിൽ എത്തി. ഒരടിയിൽ വിജയകുമാറിന്റെ തലയോട്ടിയും ചിന്നിച്ചിതറി. ഇതിന് ശേഷം ഇരുവരുടെയും മൂന്ന് മൊബൈൽ ഫോണുകളും, സിസിടിവി ഡിവിആറുമായി പ്രതി സ്ഥലം വിടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊടുംക്രൂരത നാടറിഞ്ഞത് രാവിലെ
ഇന്നു രാവിലെ 8.45 ഓടെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത പുറത്ത് വരുന്നത്. തിരുവാർപ്പ് സ്വദേശിനിയായ ജോലിക്കാരി രാവിലെ എട്ടരയോടെ വീട്ടിലെത്തി. വയോധികനും കേൾവിക്കുറവുള്ള ആളുമായ ഇതര സംസ്ഥാനക്കാരനായ സെക്യൂരിറ്റി ജീവനക്കാരൻ വീടിന്റെ പ്രധാന ഗേറ്റിനു സമീപത്തെ ചെറിയ ഗേറ്റ് തുറന്ന് നൽകുന്നു. ഈ ഗേറ്റ് തുറന്ന് ജോലിക്കാരി വീടിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നു. വീടിന്റെ ഹാളിനു സമീപത്തെ ഇടത് വശത്തെ മുറിയ്ക്കുള്ളിൽ പൂർണനഗ്നനായി തലയ്ക്കടിയേറ്റ നിലയിൽ വിജയകുമാറിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചു കിടക്കുന്നു. സ്റ്റെയർ കേസിന് സമീപത്ത് കൂടി വലത് വശത്തുള്ള മുറിയിൽ പൂർണ നഗ്നയായ രീതിയിൽ ഡോ.മിനിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്നു. അതിദാരുണമായ സംഭവം കണ്ട് ഞെട്ടിയ ജോലിക്കാരി പുറത്തേയ്ക്കിറങ്ങി വീടിനു മുന്നിലെ കടയിലെത്തി കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ വിവരം പറയുന്നു. അൽപ സമയത്തിനകം തന്നെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റുന്നു. മകന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജയകുമാർ നൽകിയ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വൈകിട്ട് നാല് മണിയോടെ വീട്ടിൽ എത്തുന്നു.
ആരാണ് പ്രതി..? എന്താണ് വൈരാഗ്യ കാരണം..!
വിജയകുമാറിനെയും ഭാര്യയെയും അതിക്രൂരമായ രീതിയിലാണ് പ്രതി കൊലപ്പെടുത്തിയത്. അസം സ്വദേശിയായ അമിതാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിജയകുമാറിന്റെ തിരുനക്കര ഇന്ദ്ര പ്രസ്ഥം ഓഡിറ്റോറിയത്തിലെ ജീവനക്കാരനും, ഇദ്ദേഹത്തിന്റെ വിശ്വസ്തനുമായിരുന്നു അമിത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും 2.40 ലക്ഷം രൂപ പല തവണയായി അമിത് തട്ടിപ്പിലൂടെ സ്വന്തമാക്കി. ഇതു സംബന്ധിച്ചു വിജയകുമാർ വെസ്റ്റ് പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അമിത്തിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. ഈ ഏപ്രിൽ മൂന്ന് വരെ അമിത് കോട്ടയം സബ് ജയിലിൽ റിമാൻഡിലായിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതക കാരണെന്നാണ് നിമനം.
എന്തിന് സിബിഐ വന്നു..?
ഇരട്ടക്കൊലപാതകം നടന്ന തിരുവാതുക്കലിലെ വീട്ടിൽ വൈകിട്ട് അഞ്ച് മണിയോടെ സിബിഐ സംഘം എത്തി. വിജയകുമാറിന്റെ മകൻ ഗൗതത്തിന്റെ മൃതദേഹം 2017 ജൂണിൽ കോട്ടയം കാരിത്താസിനു സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ മരണത്തിൽ ദുരൂഹത ആരോപിച്ച് വിജയകുമാർ കോടതിയെ സമീപിക്കുകയും കോടതി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസ് സിബിഐ അന്വേഷിക്കുന്നതിന് ഇടയിലാണ് ഈ കുടുംബത്തിന്റെ ദുരൂഹമായ മരണം ഉണ്ടായിരിക്കുന്നത്.