മസ്കറ്റ്: രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യയിൽ നിന്നും മടങ്ങി. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായുള്ള ചർച്ചകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് കൂടുതൽ ഊന്നൽ നൽകിയതെന്ന് ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് പറഞ്ഞു.
ഒമാൻ സന്ദർശിക്കുന്നതിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെ സുൽത്താൻ ക്ഷണിച്ചു. റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സുൽത്താൻ ഹൈതം ബിൻ താരിഖ് നന്ദി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി ദൃഢമാക്കുന്നതിലാണ് റഷ്യൻ പ്രസിഡന്റുമായുള്ള തന്റെ ചർച്ചകൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സുൽത്താൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്‍റെ നാല്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളിലെ ജനതയുടെ സൗഹൃദ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിലേക്ക് സഹകരണം ഉയർത്തുവാൻ പ്രവർത്തിക്കുമെന്നും സുൽത്താൻ ഹൈതം ബിൻ താരിഖ് വ്യക്തമാക്കി. റഷ്യൻ ഫെഡറേഷനിലെ വ്യാപാര വ്യവസായികളുമായുള്ള കൂടിക്കാഴ്ചയെ സുൽത്താൻ പ്രശംസിച്ചു. ഊർജ്ജം, കൃഷി, വ്യാപാരം എന്നീ മേഖലകളിലെ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവരുടെ താല്പര്യങ്ങളെ പ്രശംസിച്ചു.