കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിൽ പ്രതിയായ അസം ഡിബ്രുഗഡ് പിതാഗട്ടി ടീ എസ്റ്റേറ്റിൽ അമിത് ഉറാങ്ങിനെ (23) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയായതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുനക്കര ശ്രീവത്സത്തിൽ വിജയകുമാറിനെയും ഭാര്യ ഡോ.മീരയെയും വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതി അമിത്തിനെ തൃശൂർ മാളയിലെ കോഴി ഫാമിൽ നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൊലീസ് നടത്തിയിരുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്നും പ്രതി സിസിടിവി ഹാർഡ് ഡിസ്ക് മോഷ്ടിച്ചിരുന്നു. ഈ ഹാർഡ് ഡിസ്ക് സമീപത്തെ തോട്ടിൽ നിന്നും പൊലീസ് കണ്ടെത്തി. ഇത് അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെയ് എട്ടുവരെയുള്ള 14 ദിവസത്തേയ്ക്കാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. ഇയാളെ പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. തുടർ തെളിവെടുപ്പ് അടക്കമുള്ള നടപടികൾക്ക് വേണ്ടിയാണ് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്.