തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കു ശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി സർക്കാറിന് 1800 കോടി രൂപയോളം വേണ്ടി വരുമെന്നും ധനവകുപ്പ് പറയുന്നു. രണ്ട് ഗഡു പെൻഷൻ ഒരുമിച്ച് ലഭിക്കുന്നതോടെ ഒരോ ഗുണഭോക്താവിനും അടുത്ത മാസം 3200 രൂപ വീതം ലഭിക്കും.
കഴിഞ്ഞ വർഷം മാർച്ച് മാസം മുതൽ അതാത് മാസം തന്നെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നടന്നുവരുന്നുണ്ട്. നേരത്തെ സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അഞ്ച് ഗഡു പെൻഷൻ കുടിശികയായിരുന്നു. ഇത് സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ മൂന്ന് ഗഡുക്കളാണ് കുടിശികയുള്ളത്. ഇതിലൊരു ഗഡു കൂടി മേയ് മാസത്തെ പെൻഷനൊപ്പം വിതരണം ചെയ്യാനാണ് ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷം പെൻഷൻ കുടിശികയുടെ രണ്ട് ഗഡുക്കൾ കൂടി വിതരണം ചെയ്യാൻ ബാക്കിയുണ്ടാവും. 62 ലക്ഷത്തോളം പേർക്കാണ് സംസ്ഥാനത്ത് ഇപ്പോൾ ക്ഷേമ പെൻഷൻ ലഭിക്കുന്നത്.
ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. മേയ് പകുതിക്ക് ശേഷമാവും അടുത്ത മാസത്തെ പെൻഷനും ഒരു ഗഡു കുടിശികയും ഗുണഭോക്താക്കളുടെ കൈകളിൽ എത്തുന്നത്.