ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ നിന്ന് പിന്മാറിയ ഇന്ത്യ ഇത്രയും ജലം എവിടെ സംഭരിക്കുമെന്ന ചോദ്യവുമായി ഓൾ ഇന്ത്യ മജിലിസ്-ഇ- ഇതെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി.കേന്ദ്രസർക്കാർ ഇക്കാര്യത്തില്‍ എന്തുതീരുമാനമെടുത്താലും തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തില്‍ പങ്കെടുത്തശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അസദുദ്ദീൻ തന്റെ ആശങ്ക പങ്കുവച്ചത്. പഹല്‍ഗാം ആക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ അന്താരാഷ്ട്ര നിയമം ഇന്ത്യയ്ക്ക് അവകാശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സിന്ധു നദീജല കരാർ താല്‍ക്കാലികമായി നിറുത്തിവച്ചത് വളരെ നല്ല കാര്യമാണ്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. കേന്ദ്രസർക്കാർ എന്തുതീരുമാനമെടുത്താലും ഞങ്ങള്‍ അതിനെ പിന്തുണയ്ക്കും. ഭീകര ഗ്രൂപ്പുകള്‍ക്ക് അഭയം നല്കുന്ന രാഷ്ട്രത്തിനെതിരെ കേന്ദ്രസർക്കാരിന് നടപടിയെടുക്കാം. പാകിസ്ഥാനെതിരെ സ്വയരക്ഷയ്ക്കായി വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്താനും അവർക്ക് ആയുധം നല്‍കുന്നത് നിറുത്തലാക്കാനും അന്താരാഷ്ട്രാ നിയമം നമ്മെ അനുവദിക്കുന്നുണ്ട്’- ഒവൈസി പറഞ്ഞു. സഞ്ചാരികളെ മതം ചോദിച്ച് വെടിവച്ച് കൊലപ്പെടുത്തിയതിലൂടെ ആഴത്തിലുള്ള വർഗീയതാണ് തീവ്രവാദികള്‍ ലക്ഷ്യം വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഹല്‍ഗാമിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ഒവൈസി പ്രതികരിച്ചു. എന്തുകൊണ്ടാണ് ബൈസാരൻ പുല്മേട്ടില് സിആർപിഎഫിനെ വിന്യസിക്കാത്തത്. എന്തുകൊണ്ടാണ് ക്വിക്ക് റിയാക്ഷൻ ടീം അവിടെയെത്താൻ ഒരുമണിക്കൂറോളം എടുത്തത് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ജല പങ്കിടല്‍ കരാറാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയില്‍ 1960 സെപ്തംബറില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് ഉടമ്ബടി ഒപ്പിട്ടത്. ഒമ്ബതുവർഷത്തോളം നീണ്ടുനിന്ന ചർച്ചകള്‍ക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായത്.കരാർപ്രകാരം സിന്ധു, ഝലം, ചെനാബ് – പടിഞ്ഞാറൻ നദികള്‍ പാകിസ്ഥാന്. രവി, ബിയാസ്, സത്ലജ് – കിഴക്കൻ നദികള്‍ ഇന്ത്യയ്ക്ക്. അതിലെ ജലം ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരുപോലെ പ്രധാനമാണ്.
സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി പാകിസ്ഥാന്റെ സമ്ബദ് വ്യവസ്ഥ ശരിക്കും ഉലയ്ക്കും. ഇന്ത്യ മുന്നറിയിപ്പ് നല്കാതിരുന്നാല് നദിയിലെ വെള്ളപ്പൊക്കം ജലബോംബായി പാകിസ്ഥാനില്‍ കനത്ത നാശം വിതയ്ക്കും. സിന്ധു നദി ടിബറ്റൻ മേഖലയില്‍ നിന്ന് ഉത്ഭവിച്ച് ഇന്ത്യ വഴിയാണ് പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ.
ജലസേചനം, കൃഷി, വൈദ്യുതി തുടങ്ങിയവയില്‍ ശ്വാസം മുട്ടും. പഞ്ചാബ് പ്രവിശ്യ ജലസേചനത്തിനായി സിന്ധുവിനെയും അതിന്റെ പോഷകനദികളെയുമാണ് ആശ്രയിക്കുന്നത്. പാകിസ്ഥാന്റെ 85 ശതമാനം കാർഷിക ഉത്പന്നങ്ങളും വിളകളും ഉത്പാദിപ്പിക്കുന്നത് അവിടെയാണ്.