വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടയിൽ പലതരം സംഘർഷങ്ങളും ഉണ്ടാകുന്നത് പുതിയ കാര്യമല്ല. ഇന്ന് പലയിടങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ പുറത്ത് വരാറുണ്ട്. അതും കേൾക്കുമ്പോൾ തന്നെ വളരെ ചെറുത് എന്ന് തോന്നുന്ന സംഭവങ്ങളായിരിക്കും സംഘർഷങ്ങളിലേക്ക് നയിച്ചിട്ടുണ്ടാവുക. മാത്രമല്ല, ഇതിന് പിന്നാലെ വിവാഹം മുടങ്ങുന്ന സംഭവങ്ങളും അനേകം ഉണ്ടായിട്ടുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലും നടന്നിരിക്കുന്നത്.
ഒരാൾ വിവാഹ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് മിനിബസ് ഓടിച്ചു കയറ്റി നിരവധിപ്പേർക്കാണ് പരിക്കേറ്റത്. എന്നാൽ, അതിനുണ്ടായ കാരണമാണ് രസകരം. പനീർ കിട്ടിയില്ല എന്ന് ആരോപിച്ചാണത്രെ ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കുറഞ്ഞത് എട്ട് പേർക്കെങ്കിലും പരിക്കേറ്റുവത്രെ. മാത്രമല്ല, മൂന്ന് ലക്ഷം രൂപയുടെ വസ്തുക്കൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
വരന്റെ ഭാഗത്ത് നിന്നുള്ള വിവാഹഘോഷയാത്ര എത്തിയതിന് പിന്നാലെയാണ് സംഭവം നടന്നത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഘോഷയാത്ര എത്തിയത്. എല്ലാം നന്നായി നടക്കുകയായിരുന്നു. ആ സമയത്താണ് ധർമ്മേന്ദ്ര യാദവ് എന്നയാൾ വിവാഹച്ചടങ്ങുകൾ നടക്കുന്ന ഹാളിലെത്തിയത്. അയാൾ നേരെ പോയത് ഭക്ഷണം നൽകുന്നിടത്തേക്കാണ്. എന്നാൽ, അവിടെയെത്തി തിരഞ്ഞപ്പോൾ വിഭവങ്ങൾക്കിടയിൽ പനീർ കണ്ടില്ല. ഇത് ധർമ്മേന്ദ്ര യാദവിനെ ദേഷ്യം പിടിപ്പിക്കുകയായിരുന്നത്രെ.
വധുവിന്റെ പിതാവ് രാജ്നാഥ് യാദവ് പറയുന്നത് ഇങ്ങനെ: “ധർമ്മേന്ദ്ര യാദവ് വിവാഹത്തിന് വന്നു, ഭക്ഷണം കഴിച്ച് തുടങ്ങി, അതിനിടയിൽ പനീർ ചോദിച്ചു. അത് കിട്ടാതെ വന്നപ്പോൾ ദേഷ്യപ്പെട്ടു. പിന്നാലെ വിവാഹ ചടങ്ങ് നടക്കുന്നിടത്തേക്ക് ബസ് ഓടിച്ചു കയറ്റി. ഇതിൽ എട്ട് പേർക്ക് പരിക്കേറ്റു. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.”
ധർമ്മേന്ദ്ര യാദവ് ഓടിച്ചുകയറ്റിയ മിനിബസിടിച്ച് വരന്റെ അച്ഛനും വധുവിന്റെ അമ്മാവനും അടക്കം നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഉടനെ തന്നെ പരിക്കേറ്റവരെ വരാണസിയിലെ ട്രോമാ സെന്ററിൽ എത്തിച്ചു. ഇവർ ചികിത്സയിലാണത്രെ.
പിന്നാലെ വരന്റെ വീട്ടുകാർ, ധർമ്മേന്ദ്ര യാദവിനെതിരെ കേസ് കൊടുത്തില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു. വധുവിന്റെ അച്ഛൻ അങ്ങനെ ഇയാൾക്കെതിരെ കേസ് കൊടുത്തു. പിറ്റേന്ന് ഉച്ചയോടെയാണ് വിവാഹ ചടങ്ങുകൾ അവസാനിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.