മസ്‌കിന്‍റെ സ്റ്റാര്‍ലിങ്കിന് വെല്ലുവിളിയായി ആമസോണ്‍ ; കയ്‌പെര്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചു

ഫ്ലോറിഡ: ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് കമ്പനിയുടെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന് ചെക്ക് വെക്കാന്‍ ആദ്യ കയ്‌പെര്‍ ബാച്ച് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ച് ജെഫ് ബെസോസിന്‍റെ ആമസോണ്‍. ആമസോണ്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന 32,36 ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളിലെ ആദ്യ 27 എണ്ണമാണ് ഇന്ന് ഫ്ലോറിഡയിലെ കേപ് കനാവറെല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ബോയിംഗിന്‍റെ അറ്റ്‌ലസ് വി റോക്കറ്റിന്‍റെ സഹായത്തോടെ വിക്ഷേപിച്ചതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മുന്‍നിശ്ചയിച്ചതിലും ഏറെക്കാലം വൈകിയാണ് കയ്‌പെര്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് തുടക്കമിടാന്‍ ആമസോണിനായത്. 

Advertisements

ബഹിരാകാശത്ത് സ്പേസ് എക്‌സും ആമസോണും തമ്മിലുള്ള പോരാട്ടത്തിന്‍റെ അടുത്ത അധ്യായത്തിന് തുടക്കമായിരിക്കുന്നു. സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനത്തിന് ബദലായുള്ള കയ്‌പെര്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകള്‍ ആമസോണ്‍ വിക്ഷേപിച്ചുതുടങ്ങി. 10 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലുള്ള പ്രൊജക്ട് കയ്‌പെറിന് കീഴില്‍ 32,36 സാറ്റ്‌ലൈറ്റുകള്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റിലേക്ക് അയക്കാനാണ് ആമസോണ്‍ ആലോചിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ഉപഗ്രഹങ്ങള്‍ വഴി ലോകമെങ്ങും പൊതുജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും വാണിജ്യസംരംഭങ്ങള്‍ക്കും ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കുകയാണ് ആമസോണിന്‍റെ ലക്ഷ്യം. 2019ലാണ് കയ്‌പെര്‍ ഇന്‍റര്‍നെറ്റ് പദ്ധതി ആമസോണ്‍ പ്രഖ്യാപിച്ചത്. ഇതിലെ ആദ്യ ബാച്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ആമസോണിന് 2025 ഏപ്രില്‍ മാസം വരെ കാത്തിരിക്കേണ്ടിവന്നു. ബഹിരാകാശ ഇന്‍റര്‍നെറ്റ് രംഗത്ത് സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് വന്‍ കുതിപ്പ് നടത്തുമ്പോഴാണ് ആ മേഖലയിലേക്ക് ഏറെ വൈകി ആമസോണിന്‍റെ രംഗപ്രവേശം. 

ഈ വര്‍ഷം അഞ്ച് വിക്ഷേപണങ്ങള്‍ കൂടി 

2024 ആദ്യം കയ്‌പെര്‍ ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് തുടങ്ങാനാകും എന്നാണ് ആമസോണ്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഈ പദ്ധതി പല കാരണങ്ങളാല്‍ വൈകി. ആദ്യ ബാച്ചിലെ 27 കയ്‌പെര്‍ ഉപഗ്രങ്ങളുടെ വിക്ഷേപണം ഏപ്രില്‍ 9ന് നടത്താനാണ് ആമസോണ്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും മോശം കാലാവസ്ഥ കാരണം മാറ്റിവെക്കുകയായിരുന്നു. 

നെറ്റ‌്‌വര്‍ക്കിലെ പകുതി അഥവാ 16,18 സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ആമസോണിന് 2026 മധ്യം അന്തിമ സമയമായി യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ വിക്ഷേപണം വൈകി ആരംഭിച്ചതിനാല്‍ ആമസോണ്‍ എഫ്‌സിസിയില്‍ നിന്ന് കൂടുതല്‍ സമയം ചോദിച്ചേക്കും. 

സ്റ്റാര്‍ലിങ്കിന് പുറമെ, അമേരിക്കയിലെ പ്രധാന ടെലികോം സേവനദാതാക്കളായ എടിആന്‍ഡ്ടി, ടി-മൊബൈല്‍ എന്നിവയ്ക്ക് ബദലാകാനും കയ്‌പെര്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനത്തിലൂടെ ആമസോണ്‍ കമ്പനി ലക്ഷ്യമിടുന്നു. വിക്ഷേപിച്ച  27 കയ്‌പെര്‍ ഉപഗ്രഹങ്ങളുടെ സിഗ്നല്‍ നിലയെ കുറിച്ച് വരും മണിക്കൂറുകളില്‍ തന്നെ ആമസോണ്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2025ല്‍ അഞ്ച് കയ്‌പെര്‍ ദൗത്യ വിക്ഷേപണങ്ങള്‍ കൂടി ആമസോണ്‍ നടത്തും എന്നാണ് റിപ്പോര്‍ട്ട്. 

Hot Topics

Related Articles