വഖ്ഫ് ഭേദഗതി: വെളിച്ചം അണച്ച് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം- പി ആര്‍ സിയാദ്

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെളിച്ചം അണച്ചു കൊണ്ടുള്ള അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ഏപ്രില്‍ 30 ബുധനാഴ്ച രാത്രി 9 മുതല്‍ 9:15 വരെ വീടുകളിലെയും കടകളിലെയും സ്ഥാപനങ്ങളിലെയും ലൈറ്റുകള്‍ ഓഫ് ചെയ്തു പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങളും വിശ്വാസ സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ട് വംശീയ ഉന്മൂലന ലക്ഷ്യത്തോടെ പടച്ചുണ്ടാക്കിയതാണ് പുതിയ വഖ്ഫ് ഭേദഗതി നിയമം. ഒരു ജനതയുടെ സംസ്‌കാരത്തെയും അസ്തിത്വത്തെയും സമ്പത്തിനെയും അന്യായമായി തകര്‍ക്കുകയും തട്ടിയെടുക്കുകയുമാണ് ഭീകരമായ ഈ നിയമത്തിന്റെ ലക്ഷ്യം.

Advertisements

സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യംവെച്ച് പൗരന്മാര്‍ ദാനം ചെയ്ത സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കുല്‍സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും വിളക്കണച്ച് പ്രതിഷേധമുള്‍പ്പെടെയുള്ള ജനാധിപത്യ പോരാട്ടങ്ങളില്‍ രാജ്യത്തിന്റെ സമാധാനവും ഐക്യവും സാഹോദര്യവും ജനാധിപത്യവും എന്നും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ പൗരന്മാരും ഐക്യപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Hot Topics

Related Articles