കോട്ടയം: ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ച കേസിൽ താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യുവിനെ(30)യാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടിയയത്. ബുധനാഴ്ച കോട്ടയം ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീടിനു സമീപത്ത് നിന്നും 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി അജയ് മാത്യുവിനെ പിടികൂടിയത്.
മൂന്നാറിൽ ഇയാൾ റിസോർട്ട് നടത്തുകയാണ് ചെയ്യുന്നത്. അജയ് സ്വന്തം ഉപയോഗത്തിനായാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, കോട്ടയം ജില്ലയിൽ ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്നത് ആരാണ് എന്നു കണ്ടെത്തുന്നതിനു വേണ്ടിയുള്ള നിരീക്ഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അജയ് മാത്യു ആരെയൊക്കെ ഫോൺ ചെയ്തിട്ടുണ്ട്, ആരാണ് ഇയാൾക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നൽകിയത് എന്നത് അടക്കമുള്ളവ പൊലീസ് സംഘം അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിൽ സിനിമാ മേഖലയിലും, ഉയർന്ന ജീവിതം നയിക്കുന്നവർക്കിടയിലും വ്യാപകമാണ് ഹൈബ്രിഡ് കഞ്ചാവ്. ഇത് കോട്ടയം ജില്ലയിലും ഇപ്പോൾ സുലഭമാണ് എന്ന് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘവും, രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. ഇത് ആരാണ് ജില്ലയിൽ എത്തിക്കുന്നതെന്ന് കണ്ടെത്തുന്നതിനിനായി ആദ്യമായി ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ അജയ് മാത്യുവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. അജയ് മാത്യുവിന്റെ ഫോൺ കോളുകൾ വിശദമായി പൊലീസ് സംഘം പരിശോധിക്കും. സ്ഥിരമായി ഇയാൾ വിളിക്കുന്ന ആളുകളെ നിരീക്ഷിക്കാനും, ഇയാളുടെ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കാനും പൊലീസ് സംഘം നടപടി സ്വീകരിച്ചിട്ടുണ്ട്.
മലേഷ്യയിലും, സിംഗപ്പൂരിലും , മക്കാവുവിലും അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിൽ ലൈംഗിക ഉത്തേജനത്തിനാണ് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. മസാജിംങ് സെന്ററുകളിലും സ്പാകളിലും ജോലി ചെയ്യുന്നവരാണ് ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കൾ. നാടൻ കഞ്ചാവിനേക്കാൾ വീര്യം കൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ് എന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ 1500 മുതൽ 2500 രൂപ വരെ ഒരു ഗ്രാമിന് ഈടാക്കുന്നവരുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ജില്ലയിൽ എത്തിയതിനാൽ കടുത്ത ജാഗ്രതയിലാണ് ജില്ലാ പൊലീസിലെ ലഹരി വിരുദ്ധ സംഘം.