കിടങ്ങൂരിൽ നിന്നും
ജാഗ്രത ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : കിടങ്ങൂരിൽ വീട്ടിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ റോഡരികിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കാണാതായ ആളുടെ മൃതദേഹം ആണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ തോട്ടിൽ നിന്നും കണ്ടെത്തിയത്. കിടങ്ങൂർ കുമ്മണൂർ പുത്തൻപുരയ്ക്കൽ ജേക്കബി (55) ന്റെ മൃതദേഹമാണ് തോട്ടിൽ നിന്നും കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ജേക്കബ് വീട്ടിൽ നിന്നും കിടങ്ങൂർ ഭാഗത്തേക്ക് പോയത്. സന്ധ്യയോടെ തിരികെയെത്തും എന്ന് വാഗ്ദാനം ചെയ്ത ശേഷമായിരുന്നു ഇയാൾ പോയത്. എന്നാൽ രാത്രി വൈകിയിട്ടും ഇയാൾ വീട്ടിൽ തിരികെ എത്താതെ വന്നതോടെ ബന്ധുക്കൾ കിടങ്ങൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിടങ്ങൂർ പാലത്തിനു സമീപത്തെ തോട്ടിൽ അസ്വഭാവികമായ രീതിയിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ മരിച്ചത് ജേക്കബ് ആണെന്ന സൂചന ലഭിച്ചു. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. എസ് ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പാല ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധനയിൽ മരണത്തിൽ ദുരൂഹതകൾ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.