കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിന്റെ തികഞ്ഞ അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്, ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കുറ്റകരമായ അനാസ്ഥ കാണിച്ചു എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. വിഷയത്തെ തുടർന്ന് ആരോഗ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും രാജിവെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീണാ ജോർജിന് മന്ത്രിയായിരിക്കാനുള്ള ധാർമിക അവകാശമില്ലെന്നും സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ ഇന്നലെ പൂർത്തിയായ വിഴിഞ്ഞം കമ്മീഷനിങിലെ വിവാദത്തെ പറ്റിയും കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഴിഞ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിലല്ലെന്നും കേന്ദ്ര സർക്കാരാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചത്, എസ്പിജി പ്രോട്ടോകോൾ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂർ മുമ്പ് സദസ്സിൽ എത്തേണ്ടതാണ്. അത് മാത്രമേ രാജീവ് ചന്ദ്രശേഖർ ചെയ്തിട്ടുള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു.
മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിൽ വിദഗ്ധ സമിതിയുടെ അന്വേഷണം വേണമെന്ന് ടി സിദ്ദീഖ് എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പിഴവ് വന്നിട്ടുണ്ടെന്നും കാഷ്വാലിറ്റിയിൽ അടിയന്തര രക്ഷാസംവിധാനം ഉണ്ടായിരുന്നില്ല, വീഴ്ചകളെ തുടർന്നാണ് രോഗികളുടെ മരണം എന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
Read More:മാറേണ്ട സാഹചര്യമില്ലെന്ന് കെ സുധാകരന്; ‘ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ നില്ക്കും, പോകാന്‍ പറഞ്ഞാല്‍ പോകും’
അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി. അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പൊലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് പൊലീസിൻ്റെ സഹായം തേടിയത്.
അതേസമയം അപകടത്തെ തുടർന്ന് നിർധനരായ രോഗികൾ പ്രതിസന്ധിയിലായി. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്. ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്താനാകാതെ കൊയിലാണ്ടി സ്വദേശിയായ തങ്കയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കടയിൽ സ്ഥാപിച്ചിരുന്ന ബോർഡ് ഇളകി വീണാണ് തങ്കയ്ക്ക് പരുക്കേറ്റത്. തങ്കത്തിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.