കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഡോക്ടറുടെ ഡ്രൈവറെ കുത്തിപ്പരിക്കൽപ്പിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി. മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കുന്നത് കഴിച്ച് , ആശുപത്രി പരിസരത്തു തന്നെ കിടന്നുറങ്ങിയിരുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം വിളപ്പിൽശാല നേമം കാരോട് മുറി ചെറുകോട് പുത്തൻവീട്ടിൽ ചന്ദ്രനെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്തോളജി വിഭാഗത്തിന് സമീപത്ത് ഭക്ഷണം കഴിക്കാനിരുന്ന ഡോക്ടറുടെ ഡ്രൈവറായ പത്തനംതിട്ട സ്വദേശിയായ ഷിബു(51)വിനാണ് കുത്തേറ്റത്. കുത്തേറ്റ ഷിബുവിനെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സയ്ക്കു വിധേയനാക്കി. പതോളജി വിഭാഗത്തിലെ വനിതാ ഡോക്ടറായ നീതുവിന്റെ ഡ്രൈവറാണ് ഷിബു. പതോളജിയ്ക്കു സമീപത്തെ പാർക്കിംങ് ഡ്രൗണ്ടിൽ കാർ പാർക്ക് ചെയ്ത ശേഷം വിശ്രമ മുറിയിൽ ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ആശുപത്രി വളപ്പിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാൾ യാതൊരു പ്രകോപനവുമില്ലാതെ ഷിബുവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ ഗാന്ധിനഗർ എസ് ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തിരുവനന്തപുരം ജില്ലയിൽ കൊലപാതകശ്രമം അടക്കം ആറു കേസുകളിൽ പ്രതിയാണ് ചന്ദ്രൻ. സ്വന്തം നാട്ടിൽ നിന്നും രക്ഷപ്പെട്ട ചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയാണ് താവളം ആക്കിയിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിവിധ സംഘടനകൾ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഈ ഭക്ഷണം വാങ്ങി കഴിച്ചാണ് ചന്ദ്രൻ അടക്കമുള്ള സാമൂഹികവിരുദ്ധർ ആശുപത്രിയെ താവളമാക്കുന്നത്. ആശുപത്രി വളപ്പിൽ തന്നെ ഇവർ കിടന്നുറങ്ങുകയും ചെയ്യും. സംഭവത്തിൽ കേസെടുത്ത പോലീസ് ഉച്ചയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.