കശ്മീർ : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കശ്മീരില്‍ നിന്ന് രണ്ട് പ്രാദേശിക ഭീകരര്‍ പിടിയില്‍. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലെ നാകാ ചെക്‌പോയിന്റിന് അടുത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. ഭീകരരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സൈന്യവും പൊലീസും ബിഎസ്എഫും പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഒരു പിസ്റ്റള്‍, ഒരു ഗ്രനേഡ്, 15 ലൈവ് റൗണ്ടുകള്‍ എന്നിവയുള്‍പ്പെടെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വലിയൊരു ശേഖരം ഇവരില്‍ നിന്ന് കണ്ടെടുത്തയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നീക്കത്തിന് രാജ്യം തയ്യാറെടുക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.